കടുത്ത ചൂടിന് പിന്നാലെ സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വ്യാപകം

കടുത്ത ചൂടിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുന്നു. ഔദ്യോഗികമായി ലോഡ്ഷെഡിങ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 'ലോഡ് റെസ്ട്രിക്ഷന്‍' എന്ന പേരില്‍ പലയിടങ്ങളിലും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഫീഡറുകള്‍ ഓഫ് ചെയ്യുന്ന സ്ഥിതിയാണുള്ളത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ അപ്രഖ്യാപിത പവര്‍കട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

വേനല്‍ മഴ പെയ്തിട്ടും വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 115.28 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ഉപഭോഗം. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചത് ബോര്‍ഡിന് തിരിച്ചടിയായി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ഇബിക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി. ഉപയോഗം പരിധി ലംഘിക്കുന്ന ഇടങ്ങളില്‍ ലോഡ് കുറയ്ക്കുന്നതിനായി ഫീഡറുകള്‍ മാറി മാറി ഓഫ് ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്.

ചൂട് തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.