യുവാവിന് ഗർഭപാത്രം ഉണ്ടെന്ന് സ്കാൻ റിപ്പോർട്ട്.,തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ് നടന്നതായി പരാതി. 24 വയസുകാരനായ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് നല്‍കിയതാണ് വിവാദമായത്. കഴക്കൂട്ടം സ്വദേശിയായ ഷിഹാസിനാണ് ഈ ദുരനുഭവം ഉണ്ടായത്.

ഫെബ്രുവരിയില്‍ വയറുവേദനയെ തുടര്‍ന്ന് യുവാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും 2500 രൂപ അടച്ച് സിടി സ്‌കാന്‍ നടത്തുകയും ചെയ്തു. പിന്നീട് അസുഖം ഭേദമായതിനാല്‍ തുടര്‍ ചികിത്സ നടത്തിയില്ല. എന്നാല്‍ അടുത്തിടെ വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് മുന്‍പ് ലഭിച്ച സ്‌കാനിങ് റിപ്പോര്‍ട്ടിലെ ഗുരുതര പിഴവ് വ്യക്തമായത്.

റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നതിനാല്‍ അത് സ്ത്രീയുടേതാകാമെന്ന സംശയവും ഉയര്‍ന്നു. തുടര്‍ന്ന് യുവാവ് വിശദീകരണം തേടി വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും അധികൃതര്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നാണ് ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ വാക്കുതര്‍ക്കവും ഉണ്ടായതായി യുവാവ് പറയുന്നു. റിപ്പോര്‍ട്ട് പരിശോധിക്കാനായി ജീവനക്കാരില്‍ ഒരാള്‍ അത് അകത്തേക്ക് കൊണ്ടുപോയ ശേഷം, പുതുതായി സ്‌കാനിങ് നടത്താതെയാണ് 15 മിനിറ്റിനകം മറ്റൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നും യുവാവ് ആരോപിച്ചു. സംഭവത്തെ ഒതുക്കാന്‍ ശ്രമിക്കുകയും ജീവനക്കാര്‍ തന്നെ ആക്ഷേപിച്ചതായും പരാതിയുണ്ട്.

സംഭവം മെഡിക്കല്‍ രംഗത്ത് വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.