ആഴ്ചകളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവു വന്നതും ഇറാനും അമേരിക്കയും രണ്ടാഴ്ച നീളുന്ന വെടിനിർത്തൽ പ്രഖ്യാപിച്ചതും വിപണിയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. സംഘർഷത്തിന് അയവു വന്നതോടെ ഡോളറിന്റെ കുതിച്ചു ചാട്ടത്തിൽ കടിഞ്ഞാണ് വീഴുകയും എണ്ണവിലയിൽ കുറവ് വന്നതും സ്വർണവിലയിൽ കുതിച്ചു ചാട്ടത്തിനു കാരണമായി.
സംഘർഷങ്ങളിൽ അയവു വന്നതോടെ നിക്ഷേപകരെ അലട്ടിയിരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം എന്നീ ആശങ്കകൾ ഏറെക്കുറെ അപ്രത്യക്ഷമായി. ഇതോടെ നിക്ഷേപകർ വൻതോതിൽ ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് തിരികെ കുതിക്കും എന്ന പ്രതീക്ഷയാണ് സ്വർണത്തിന്റെയും മറ്റു ലോഹങ്ങളായ വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെയും വില കൂടാൻ കാരണമായത്. കേരളത്തിൽ സ്വർണ്ണക്കടകളിൽ സ്വർണ്ണവിലയോടൊപ്പം പണിക്കൂലിയും നികുതിയും കൂടി കണക്കാക്കി വില്പന നടത്തുന്നതിനാൽ കടകളിലെ വില നേരത്തെ പറഞ്ഞ നിരക്കിനും മുകളിലാവും.
