പുത്തന്‍പാലം രാജേഷിന് പോലീസിലും സഹായി; കപ്പലിലെ കള്ളനെ കമ്മീഷണര്‍ 'കാര്‍ത്തിക്' കണ്ടെത്തിയ കഥ

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താന്‍ പോലീസ് കിണഞ്ഞു ശ്രമിക്കുമ്പോള്‍, സേനയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ ക്രിമിനലുകള്‍ക്ക് പരവതാനി വിരിക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പോലീസ് സ്റ്റേഷനുള്ളില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയ സി.പി.ഒ ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ, സേനയിലെ ഗുണ്ടാബന്ധത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്.

അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പുത്തന്‍പാലം രാജേഷിനെ പേട്ട സ്റ്റേഷനിലെത്തിച്ച വിവരം അറിഞ്ഞാണ് സി.പി.ഒ ശ്രീകുമാര്‍ ഓടിയെത്തിയത്. അന്ന് ഇയാള്‍ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്നതാണ് കമ്മീഷണറുടെ അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പുത്തന്‍പാലം രാജേഷിന്റെ ഉറ്റ സുഹൃത്തായ ഒരു ഗുണ്ടയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീകുമാര്‍ അതിരാവിലെ തന്നെ സ്റ്റേഷനിലെത്തി പ്രതിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്.

സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഉള്ള ഉദ്യോഗസ്ഥന്റെ ഫോണ്‍ വാങ്ങിയാണ് രാജേഷിന് ശ്രീകുമാര്‍ നല്‍കിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പുറംലോകവുമായി ബന്ധപ്പെടാനും കേസ് ഒതുക്കാനുള്ള കരുനീക്കങ്ങള്‍ നടത്താനും രാജേഷിന് ഇതിലൂടെ സാധിച്ചു. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതോടെ ശ്രീകുമാര്‍ കുടുങ്ങുകയായിരുന്നു.

ആദ്യം നിസ്സാര വകുപ്പുകള്‍ ചുമത്തി രാജേഷിനെ രക്ഷിക്കാന്‍ പേട്ട പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഇടപെട്ട് വധശ്രമം ഉള്‍പ്പെടെയുള്ള ഗൗരവകരമായ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കുറ്റവാളികളോട് വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടാണ് കമ്മീഷണര്‍ സ്വീകരിച്ചത്. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും സ്റ്റേഷനിലെത്തി പ്രതിയെ സഹായിച്ച ശ്രീകുമാറിന്റെ നടപടി സേനയ്ക്ക് തന്നെ അപമാനമാണെന്ന് കമ്മീഷണര്‍ വിലയിരുത്തി.

അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുത്തന്‍പാലം രാജേഷിനെ 'ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ' ഭാഗമായി അതിസാഹസികമായാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പോലീസുകാരന്റെ വഴിവിട്ട സഹായം പുറത്തുവന്നത്. സസ്പെന്‍ഷനിലായ ശ്രീകുമാറിന് ഗുണ്ടാസംഘങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 

പോലീസിലെ കള്ളനാണയങ്ങളെ കണ്ടെത്തി പുറത്താക്കാനുള്ള കമ്മീഷണറുടെ ഈ നീക്കം സേനയ്ക്കുള്ളില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്ക് സഹായം നല്‍കുന്നവര്‍ ആരായാലും കടുത്ത നടപടി നേരിടേണ്ടി വരുമെന്ന സന്ദേശമാണ് സസ്‌പെന്‍ഷനിലുള്ളത്