മരണപ്പെട്ടവരുടെ സംസ്കാര ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. പ്രധാന അധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്ത് നടക്കും. ആശയുടെ സംസ്കാരം വീട്ടുവളപ്പിൽ നടക്കും. മജീദ്-റുഖിയ ദമ്പതികളുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിൽ, റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും, സുഹറയും മകൻ ഹിഷാമും ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിലും നടക്കും.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ — ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫായിസ് (22), നൗഷാദ് (39) — കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. 48 മണിക്കൂറിന് ശേഷം മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ മറ്റൊരു 11കാരിയായ മസ്‌നീൻ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 5.20ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വച്ച് മിനിവാൻ നിയന്ത്രണം വിട്ട് ഏകദേശം 300 അടി താഴ്ചയിലേക്ക് പതിച്ചതാണ് അപകടം. പലവട്ടം മറിഞ്ഞ വാഹനം പൂർണമായും തകർന്നു. പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
