സോഷ്യൽ മീഡിയയിലെ ഗ്ലാമർ ലോകത്തിന് പിന്നിൽ ഒളിപ്പിച്ചുവച്ച കറുത്ത സത്യങ്ങൾ പുറത്തുവരുന്നു. ആയിരക്കണക്കിന് യുവാക്കളെ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആകർഷിച്ചിരുന്ന ഇൻഫ്ലുവൻസർ ഫാത്തിമ നസ്റിനും സുഹൃത്ത് ഷെഫീഖുമാണ് കോഴിക്കോട് പന്തീരങ്കാവിൽ വച്ച് എക്സൈസിന്റെ പിടിയിലായത്.
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ആഡംബര കാറിന്റെ ബോണറ്റിലെ റെയിൻ വാട്ടർ റാക്കിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്നുകൾ. രാജസ്ഥാനിൽ നിന്നും റോഡ് മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 3.3 കിലോയിലധികം മെതാംഫിറ്റമിനും എം.ഡി.എം.എ ഗുളികകളുമാണ് സംഘം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3.5 കോടിയിലധികം രൂപ വിലമതിക്കുന്നതാണ് ഈ ശേഖരം.
ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ തൊണ്ടയാട് ബൈപ്പാസ് മുതൽ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. പിടിക്കപ്പെട്ട ഷെഫീഖ് നേരത്തെയും നിരവധി ലഹരി കേസുകളിൽ പ്രതിയാണ്. ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക് യുവാക്കളെ എത്തിക്കുന്ന ഇത്തരം സംഘങ്ങളെ കുടുക്കാൻ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
