കേരളത്തില്‍ 79.63% പോളിങ്; സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മും തപാല്‍ വോട്ടുകളും ഉള്‍പ്പെടെ നിലവില്‍ കേരളത്തില്‍ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

ബൂത്തുകളില്‍ വോട്ട് ചെയ്തവരുടെ കണക്കുകള്‍
ആകെ 2,12,43,942 പേരാണ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് ചെയ്തതെന്നത് ശ്രദ്ധേയമാണ്.

സ്ത്രീകള്‍: 1,13,03,410

പുരുഷന്മാര്‍: 99,40,379

ട്രാന്‍സ് ജെന്‍ഡേഴ്സ്: 153

ഇത്തവണ പോസ്റ്റല്‍ വോട്ടുകളിലും വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. ആകെ 3,68,193 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്.

ഹോം വോട്ട്: 96.7% പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി.

മുതിര്‍ന്ന പൗരന്മാര്‍: 96.3% പോളിങ്.

ഭിന്നശേഷിക്കാര്‍: 60,734 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഉദ്യോഗസ്ഥര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37%).

അവശ്യവിഭാഗം: 32,172 വോട്ടുകള്‍.

‘നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല. എല്ലാം സുതാര്യമായാണ് നടക്കുന്നത്. സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്താലേ കണക്കുകള്‍ പൂര്‍ണ്ണമാകൂ. നിലവില്‍ ലഭ്യമായ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്.’
– യു. രത്തന്‍ ഖേല്‍ക്കര്‍ (മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍)Politics

കൗണ്ടിംഗ് ദിവസം വരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ കൂടി (നിലവില്‍ 53,984) എണ്ണിയ ശേഷം പോളിങ് ശതമാനത്തില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അന്തിമ കണക്ക് 79.63 ശതമാനത്തിന് അടുത്തായിരിക്കാനാണ് സാധ്യത.