ആകെ സീറ്റുകള്‍ 850 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യം. ഇതില്‍ സംസ്ഥാനങ്ങള്‍ക്കായി 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി 35 സീറ്റുകളും മാറ്റിവെക്കും. പുതുതായി വര്‍ധിപ്പിക്കുന്ന 850 സീറ്റുകളുടെ മൂന്നിലൊന്ന് (ഏകദേശം 283 സീറ്റുകള്‍) വനിതകള്‍ക്കായി സംവരണം ചെയ്യും. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് (Delimitation) ശേഷമായിരിക്കും വനിതാ സംവരണം നടപ്പിലാക്കുക.
മണ്ഡലങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കുന്നതിനായി സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ കമ്മീഷനെ രൂപീകരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പ്രതിനിധിയോ ഇതില്‍ അംഗമായിരിക്കും.
നിലവില്‍ 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തുന്നതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 82 ഭേദഗതി ചെയ്യാനാണ് ബില്ലിലെ നിര്‍ദ്ദേശം.
2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, ജനസംഖ്യാ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമോ എന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.
