തിരുവനന്തപുരം: മരണത്തിന് ശേഷവും 5 പേർക്ക് പുതുജീവൻ നൽകി കൃഷ്ണലാൽ (33) യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ ഹൃദയമടക്കമുള്ള അഞ്ചോളം അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്തത്..
'വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രി സാധനങ്ങൾ വാങ്ങാനായി സൈക്കിളിൽ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണലാൽ സഞ്ചരിച്ച സൈക്കിളിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയോടെ മസ്തിഷ്കമരണം സംഭവിക്കുക ആയിരുന്നു..
പ്രിയപ്പെട്ടവന്റെ വേർപാടിലും മറ്റുള്ളവർക്ക് ജീവൻ നൽകാനുള്ള കുടുംബത്തിന്റെ തീരുമാനം മാതൃകാപരമായി. അദ്ദേഹത്തിന്റെ അവയവങ്ങൾ താഴെ പറയുന്ന രീതിയിലാണ്ര കൈമാറുന്നത്..
ഹൃദയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കായി നൽകും. കിംസ് ആശുപത്രിയിൽ നിന്നും ഗ്രീൻ ചാനൽ വഴി ഹൃദയം കോട്ടയത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. വൃക്കകൾ: ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും. കരൾ: കിംസ് ആശുപത്രിയിലെ രോഗിക്കായി നൽകും. നേത്രപടലങ്ങൾ: തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറും..
ഒരു സാധാരണ തൊഴിലാളിയായിരുന്ന കൃഷ്ണലാൽ, തന്റെ വേർപാടിലും 5 മനുഷ്യരിലൂടെ ഇനിയും ഈ ലോകത്ത് ജീവിക്കും. അവയവങ്ങളുമായി പോകുന്ന ആംബുലൻസിന് സുഗമമായ യാത്രയൊരുക്കാൻ പോലീസും അധികൃതരും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്..
