കഥാപ്രസംഗ കലയുടെ കുലപതി വി.സാംബശിവൻ ഓർമ്മയായിട്ട് 30 വർഷം.

സ്‌മൃതിപ്പൂക്കൾ🌹🌹

കഥാപ്രസംഗത്തെ ഒരു സ്‌റ്റേജ് കലയാക്കി ഉയർത്തിയ... മഹത്തായ ഈ കലയെ ആധുനികവത്ക്കരിച്ച് ആസ്വാദ്യകരമാക്കിയ...
എത്ര കേട്ടാലും മതിവരാത്തത്ര മനോഹരമായും ചടുലമായും കഥകൾ വേദികളിൽ അവതരിപ്പിച്ച് മലയാള മനസ്സിനെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത... 
കഥാപ്രസംഗ കലയെ ഉയരങ്ങളിലെത്തക്കുന്നതിൽ പ്രധാന പങ്കുവഹിച്ച... കഥാപ്രസംഗ രംഗത്തെ ചക്രവർത്തി വി.സാംബശിവൻ.

വൈകാരിക മുഹൂര്‍ത്തങ്ങളടങ്ങിയ സന്ദര്‍ഭങ്ങള്‍ ഭാവ തീവ്രതയോടെയും സംഗീതത്തിന്റെ അകമ്പടിയോടെയും അവതരിപ്പിക്കാന്‍ സാംബശിവന് കഴിഞ്ഞു. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ... 
വിശ്വസാഹിത്യത്തിന്റെ വിശാലമായ ലോകം മലയാളികൾക്ക് മുന്നിൽ തുറക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ സാംബശിവന്റെ കഥയുണ്ടെന്നറിഞ്ഞാൽ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ജനക്കൂട്ടം ആ വേദിക്കരികിലേക്ക് ഒഴുകിയെത്തുമായിരുന്നു. മണിക്കൂറുകൾ നിശ്ശബ്ദരായിനിന്ന് അദ്ദേഹത്തിന്റെ ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ റഷ്യൻ സാഹിത്യവും ബംഗാളി സാഹിത്യവും മലയാള സാഹിത്യവും എല്ലാം കേട്ടുനിന്നു. സാംബശിവന്റെ കഥ നടക്കുന്ന വേദികളിലേക്ക് അന്ന് പ്രത്യേക ബസ് സർവീസുകൾ പോലും ഏർപ്പെടുത്തിയിരുന്നു.
സർവകലാശാലയിൽ തുടർപഠനം നടത്തണമെന്ന അതിയായ ആഗ്രഹമാണ് സാംബശിവനെ 19-ാം വയസ്സിൽ കാഥികനാക്കിയത്... 

സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബത്തിന്റെ ചുമതലകളും തന്റെ പഠനവും കഥകളിലൂടെത്തന്നെ അദ്ദേഹം ഭദ്രമാക്കി. ആഖ്യാനത്തിലെ പുതുമയും കഥകൾക്കിടയിൽ വർത്തമാനകാല സംഭവങ്ങൾ കോർത്തുവയ്ക്കാനുള്ള ചാതുര്യവും വളരെ വേഗം അദ്ദേഹത്തെ ശ്രോതാക്കളുടെ പ്രിയപ്പെട്ട കാഥികനാക്കി മാറ്റി. ശബ്ദഗാംഭീര്യവും രൂപഗുണവും ആ കലാകാരന്റെ പ്രശസ്തിക്ക് കുതിപ്പുനൽകി. 

കഥാപ്രസംഗ വേദികൾ അടക്കിവാണ കലാകാരൻമാരായിരുന്നു, സാംബശിവനും കെടാമംഗലം സദാനന്ദനും. ഇരുവരും സമകാലീനരും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു. പാർട്ടിയിലെ പിളർപ്പ് രണ്ടു പേരെയും രണ്ടു ചേരിയിലാക്കി. സാംബശിവൻ സിപിഎം പക്ഷത്ത് നിലയുറപ്പിച്ചപ്പോൾ കെടാമംഗലം സി പി ഐ യിൽ തുടർന്നു.

1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും പുത്രനായി സാംബശിവൻ ജനിച്ചു. ചവറ സൗത്ത് ഗവ. യു പി സ്കൂളിലും ഗുഹാനന്ദപുരം സംസ്‌കൃത സ്‌കൂളിലും ചവറ ശങ്കരമംഗലം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീ നാരായണ കോളേജിലെ പഠന കാലത്ത് ആൾ ഇന്ത്യ സ്‌റ്റുഡൻ്റ്സ് ഫെഡറേഷൻ (എ ഐ എസ് എഫ് ) നേതാവായിരുന്നു സാംബശിവൻ. ഇവിടെ നിന്നും ബി എ ഒന്നാം ക്ലാസ്സിൽ പാസ്സായ അദ്ദേഹം 1957 ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി. ജോലിയോടൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയ സാംബശിവൻ1960 ൽ ബി എഡ് പാസ്സായി.

1949-ലെ ഓണക്കാലത്തെ ചതയം നാളിൽ രാത്രി 8 മണിയ്ക്കു ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, കത്തിച്ചു വെച്ചിരുന്ന പെട്രൊമാക്സിന്റെ വെളിച്ചത്തിൽ വി.സാംബശിവൻ തന്റെ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത’ ആയിരുന്നു കഥ.
സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം... ഉദ്ഘാടന പരിപാടിയിൽ നിന്ന് സാംബശിവന്റെ മനസ്സിൽ ഒരു കെടാദീപമായി കൊളുത്തപ്പെട്ട ആപ്തവാക്യമായിരുന്നു അത്. 

കഥ ആസ്വാദകരുടെ മനസ്സിൽ തട്ടി. തുടർന്ന് ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി. പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി. കൊച്ചുസീത, മഗ്ദലന മറിയം, ആയിഷ, വാഴക്കുല, റാണി, പട്ടുനൂലും വാഴനാരും, പുള്ളിമാൻ, പ്രേമശില്പി, ദേവലോകം തുടങ്ങിയ കഥകൾ സാംബശിവനെ പ്രശസ്തനായ കാഥികനാക്കി.

1963-ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ 'ദ പവർ ഓഫ് ഡാർക്നെസ് ,എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു. 

പുഷ്പിത ജീവിതവാടിയിലൊ-
രപ്സര സുന്ദരിയാണനീസ്യ... എന്ന ഹൃദയഹാരിയായ ഗാനത്തോടെ അനീസ്യയെ ആസ്വാദകരുടെ മനസ്സുകളിലേക്ക് അദ്ദേഹം കടത്തി വിട്ടു. കേരളീയർക്ക് ഇന്നത്തെ വിദ്യാസമ്പന്നത കൈവന്നിട്ടില്ലാത്ത സാഹചര്യമായിരുന്നു അന്ന്. ടോൾസ്റ്റായ് എന്ന മഹാസാഹിത്യകാരനെ സംബന്ധിച്ച് അവർക്ക് ഉത്സവപ്പറമ്പിൽവച്ച് അറിവ് പകരുന്ന ലക്ഷ്യബോധമുളള കലാകാരനായി സാംബശിവൻ മുന്നേറുകയായിരുന്നു. 
സുതാര്യവും ലളിതവുമാണ് ഷേക്സ്പിയർ സാഹിത്യം എന്ന നവാനുഭവമാണ് സാംബശിവന്റെ കഥാപ്രസംഗങ്ങൾ മലയാളിക്ക് സമ്മാനിച്ചത്. 

വ്യത്യസ്ത കഥാപാത്രങ്ങളെ വ്യത്യസ്‌ത സ്വരത്തിൽ വേദിയിൽ അവതരിപ്പിച്ച് കൈയ്യടി നേടാനുള്ള സാംബശിവൻ്റെ കഴിവ് അത്യപാരമായിരുന്നു.

എൻ.എം ശ്രീധരൻ സംവിധാനം ചെയ്ത 'പല്ലാങ്കുഴി' എന്ന സിനിമയിൽ നായകനായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

സാംബശിവന് 1995 ൽ ന്യുമോണിയ ബാധയുണ്ടായി. പിന്നീട് ശ്വാസകോശത്തിൽ അർബുദം സ്ഥിരീകരിച്ചു.1996 ഏപ്രിൽ 23 ന് 67 -ാം വയസ്സിൽ വി.സാംബശിവൻ അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

അദ്ദേഹത്തിൻ്റെ ഭാര്യ സുഭദ്ര 2021 ഫെബ്രുവരി 20 ന് 81 -ാം വയസ്സിൽ വിട പറഞ്ഞു.

സാംബശിവൻ സുഭദ്ര ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്. മൂത്ത മകൻ വസന്ത്കുമാർ കാഥികനാണ്.

“കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹം. പക്ഷേ പണമില്ല. ഞാനൊരു കഥ പറയാം. പകരം പണം തന്നു എന്നെ സഹായിക്കണം.”

1949-ലെ ഒരു ചതയ ദിനത്തിൽ ചവറ ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കൊന്നുമില്ലാതെ, കത്തിച്ചു വച്ചിരുന്ന പെട്രൊമാക്സിന്റെ വെളിച്ചത്തിൽ ഇരുപതുകാരൻ പയ്യൻ ആദ്യ കഥാപ്രസംഗം പറഞ്ഞു.. ചങ്ങമ്പുഴയുടെ ദേവത.. 

പിന്നെ കഥാപ്രസംഗത്തിന്റെ ഒരു യുഗം പിറന്നു.. കൊച്ചുസീത, വാഴക്കുല, മഗ്ദലന മറിയം, പുള്ളിമാൻ, റാണി, ആയിഷ..

വേദന വിങ്ങും സമൂഹത്തിൽ നിന്ന് ഞാൻ 
വേരോടെ ചീന്തിയെടുത്തതാണീക്കഥ.. 

വയലാറിന്റെ ആയിഷ ജനമനസ്സിൽ കയറി ഇരുന്നു വർഷങ്ങളോളം.. 

"മഞ്ഞപുള്ളികളുള്ള നീല ജാക്കറ്റും 
നീളെ കുഞ്ഞു തൊങ്ങലു 
തുന്നിച്ചേർത്ത പാവാടച്ചുറ്റും 
കൈകളിൽ പൊട്ടി പൊട്ടി 
ചിരിക്കും വളകളും 
കൈതപ്പൂ ചൂടിയ 
ചുരുളൻ മുടിക്കെട്ടും 
പുഞ്ചിരിയടാറാത്ത മുഖവും 
തേനൂറുന്ന കൊഞ്ചലും 
മറക്കുമോ നിങ്ങളെന്നയിഷയെ 
മറക്കുമോ നിങ്ങളെന്നയിഷയെ "

അന്ന് മലയാളിയുള്ളിടത്തൊക്കെ ഈ ചോദ്യം ഉയർന്നു.. 
"മറക്കുമോ നിങ്ങളെന്നയിഷയെ?
മറക്കുമോ നിങ്ങളെന്നയിഷയെ?"

മലയാളി സഹൃദയർ പറഞ്ഞു .

മറന്നില്ല ഞങ്ങളീ അയിഷയെ 
മറക്കില്ല മറക്കില്ല  
ഞങ്ങളീ അയിഷയെ ..

എങ്ങെനെ മറക്കാനാണ്? 

തഴവാ എ വി ഏച്ച്‌ എസ് ജംക്ഷനിലെ ദേവരാജണ്ണന്റെ മൂലക്കട.. രാവിലെ നാഷണൽ പാനസോണിക്കിൽ അണ്ണൻ സാംബശിവനെ ഓൺ ചെയ്യും 

"ആയിഷയുടെ കഥ കേൾക്കണോ നിങ്ങൾക്കെന്റെ 
സ്നേഹിതന്മാരേ ഞാനും 
നിങ്ങളും ഞെട്ടിപ്പോകും..."

ഇത് പോലെ എത്രയോ കടകളിൽ, വീടുകളിൽ, ഗൾഫിലെ ലേബർ ക്യാമ്പുകളിൽ.. 

"മറക്കുമോ നിങ്ങളെന്നയിഷയെ 
മറക്കുമോ നിങ്ങളെന്നയിഷയെ "

ബിമൽ മിത്രയുടെ വിലക്ക് വാങ്ങാം, ഇരുപതാം നൂറ്റാണ്ട്.. സഞ്ജയ് ഗാന്ധിയെ ഒക്കെ ക്ഷേത്രപറമ്പിൽ സാംബൻ വലിച്ചു കീറി.. ഏതു പാർട്ടിക്കാരുടെ ഇടയിലും തല ഉയർത്തി ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞു.. അടിയന്തരാവസ്ഥയിൽ ജയിലിലും പോയി. 

വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എത്ര കേരളീയമായി അവതരിപ്പിച്ചു.. "ആയിരം ശകുനി സമം ഒരു ഇയാഗോ" പോലെയുള്ള പ്രയോഗങ്ങൾ.. കുടിലതന്ത്രങ്ങളുടെ തമ്പുരാൻ ഇയാഗോയുടെ വാക്കുകൾ “I like that not" എന്ന് ഷേക്സ്പിയർ അവതരിപ്പിച്ചപ്പൊൾ സാംബശിവൻ അത് പരിഭാഷപെടുത്തി  
“ഛെയ് ! എനിക്കത് തീരെപിടിച്ചില്ല !”.

പുഷ്പിത ജീവിതവാടിയിലൊ-
രപ്സരസുന്ദരി ആണനീസ്യ
ആരാധകരില്ല ആ വനിതൻ 
ആരോമൽ ദേവതയാണനീസ്യ 

 ലിയോ ടോൾസ്റ്റോയിയുടെ 'ദ പവർ ഓഫ് ഡാർക്നെസ് ' (തമശ്ശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായപ്പോൾ അതൊരു വലിയ ദൃശ്യ വിരുന്നായി.. 

താരിളം കയ്യുകൾ തൊണ്ടു തല്ലുന്നതിൻ 
താളവും മേളവും കേൾക്കാം 
റാട്ടുകളപ്പോഴും അധ്വാന ശക്തി തൻ 
പാട്ടു പാടുന്നത് കേൾക്കാം..
പ്രൊഫ തിരുനല്ലൂർ കരുണാകന്റെ റാണി.. 

പ്രൊഫ ചെറുകാട്‌ എഴുതിയ ദേവലോകം, സ്വയം എഴുതിയ ദിവ്യ തീർത്ഥം തുടങ്ങിയവയും വേദികളിൽ അവതരിപ്പിച്ചു.. 

പരമനുരാഗം വഴിയും കരിമിഴി 
മധുര സുസ്മിതം വിടരും ചെഞ്ചൊടി 
രജനീ രജനീ രജനീ എൻ രജനീ.. 

ദേവലോകത്തിലെ സഖാവ് രാമചന്ദ്രൻ പ്രണയിനിയെ വിശേഷിപ്പിക്കുന്നതാണ്.. 

ഓരോ കഥാപാത്രത്തിന്റെയും ശബ്ദത്തിൽ അസാധാരണമായ വിന്യാസത്തോടെ, ഒരു തബലയും ഹാർമ്മോണിയവും ക്ളാർനെറ്റും ഗഞ്ചിറയുമായി കാഥികൻ വി സാംബശിവനും സംഘവും മലയാളികളെ കീഴടക്കി. ആ ശബ്ദം 1996 ഏപ്രിൽ 23 ൽ നിലച്ചു. 

സിനിമയിൽ പല്ലാങ്കുഴി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചങ്കിലും സിനിമ വിജയിച്ചില്ല. എന്നാലും അതിലെ യേശുദാസും ജാനകിയും പാടിയ "ഏതു നാട്ടിലാണോ കഥ എന്ന് നടന്നതാണോ" എന്ന കെ രാഘവൻ ഈണവും ഏറ്റുമാനൂർ ശ്രീകുമാർ രചനയും നിർവഹിച്ച ഗാനം ഹിറ്റായി.

ഏറ്റവും ഒടുവിൽ അവതരിപ്പിച്ച കഥ ഏഴു നിമിഷങ്ങൾ (1995). മൊത്തം അൻപതിലധികം കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. മലയാറ്റൂരിന്റെ യന്ത്രവും ഷോളോഖോവിന്റെ ഡോൺ ശാന്തമായൊഴുകുന്നുവും പേൾ എസ് ബൈക്കിന്റെ നല്ല ഭൂമിയും കാരമസൊവ് സഹോദരന്മാരും ഒക്കെ അതിൽ ഉൾപ്പെടുന്നു. ആറു പുസ്തകങ്ങൾ രചിച്ചു. 

രാഗവിലോലം രാജകുമാരാ
പാടുമോ ഈ കഥ എന്നുമെന്നും 
ആ...ആ... 
രാഗവിലോലം രാജകുമാരാ
പാടുമോ ഈ കഥ എന്നുമെന്നും
കേട്ടു മടുത്താലും പാടാം 
ഈ കഥ കാതരേ നിന്റെ കാതിൽ..

മലയാളി ഒരിക്കലും കേട്ട് മടുക്കില്ല. അത്രമേൽ മലയാളിക്ക് സാംബന്റെ കഥ പഥ്യം....

മഹാപ്രതിഭക്ക്
സ്‌മരണാഞ്ജലി🙏
Media16 news