തമി‍ഴ്നാട് വിരുദുനഗറിൽ സ്ഫോടനം; പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 19 പേർ മരിച്ചു

തമി‍ഴ്നാട് വിരുദുനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. കട്ടനാർപ്പട്ടി ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പടക്കനിർമാണം നടത്തുന്നതിനിടെയാണ് ഉച്ചയ്ക്ക് സ്ഫോടനമുണ്ടായത്. ഗോവിന്ദനല്ലൂർ സ്വദേശി മുത്തുമാണിക്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിർമാണശാല. സ്ഫോടനത്തിന് പിന്നാലെ പ്രദേശവാസികള്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി കൂടുതലാളുകള്‍ സംഭവസ്ഥത്ത് എത്തിയിട്ടുണ്ട്. പരുക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ കരുതുന്നത്.