ബെംഗളുരു: കർണാടകയിലെ ചിക്കമംഗളുരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചിൽ തുടരുന്നു. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ആരോപണം മാതാപിതാക്കൾ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ ആ ദിശയിലും അന്വേഷണം ഉണ്ടാകും. ശ്രീനന്ദയെ കാണാതായിട്ട് മൂന്നു ദിവസം കഴിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കുട്ടിയെ കാണാതായത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചു. എന്നാൽ ഇന്നലെ രാത്രി വൈകി വരെ നടത്തിയ പരിശോധനയിലും ഫലമുണ്ടായിട്ടില്ല
