തൃശ്ശൂർ വെടിക്കെട്ട് അപകടം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആകെ 14 ലക്ഷം രൂപ നല്‍കും. ഇതില്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (CMDRF) നിന്നും 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (SDRF) നിന്നുമാണ് അനുവദിക്കുക. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. സ്വകാര്യ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. 

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് സി.എം. രാമചന്ദ്രന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. കെട്ടിടങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ക്ക് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച സ്വകാര്യ വ്യക്തികളുടെ വയല്‍, പൊളിച്ച മതിലുകള്‍ എന്നിവ സര്‍ക്കാര്‍ മുന്‍പത്തെ അവസ്ഥയിലാക്കി നല്‍കും.

പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നാളെ പ്രത്യേക ചര്‍ച്ച നടത്തും.