ലോകം കണ്ട ഏറ്റവും വലിയ നിയമവിദഗ്ധരിലൊരാളായ ഡോ. ബി.ആർ. അംബേദ്കറുടെ 135ാം ജന്മദിനമാണ് ഇന്ന്

ഇന്ന് 2026 ഏപ്രിൽ 14. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ പാകിയ, ലോകം കണ്ട ഏറ്റവും വലിയ നിയമവിദഗ്ധരിലൊരാളായ ഡോ. ബി.ആർ. അംബേദ്കറുടെ 135ാം ജന്മദിനമാണ് ഇന്ന്. മധ്യപ്രദേശിലെ മൌവിലാണ് ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്‌. ജാതീയത സമൂഹത്തിൽ വളർന്ന് പിടിച്ച സമയത്തായിരുന്നു അംബേദ്കറുടെ ജനനം. അത് കൊണ്ട് തന്നെ തൊട്ടുകൂടാത്തവനായി പിറന്ന അംബേദ്കറുടെ ബാല്യം ദുരിതപൂര്‍ണമായിരുന്നു. പഠനത്തിലേറെ മുന്നിലായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനായത് കൊണ്ട് തന്നെ ക്ലാസ്‌ മുറിയുടെ മൂലയ്കായിരുന്നു അംബേദ്കറുടെ സ്ഥാനം. എന്നാൽ എല്ലാ ദുരിതങ്ങളും അതിജീവിച്ച അംബേദ്കര്‍ 1908-ല്‍ ഹൈസ്കൂള്‍ ജയിച്ചു. ഒരു അധകൃതന്‌ അക്കാലത്ത്‌ സ്വപ്നം കണാന്‍ പോലുമാകാത്ത നേട്ടമായിരുന്നു അംബേദ്കറുടേത്.

പിന്നീട് 1920ല്‍ ലണ്ടനില്‍ പോയി നിയമബിരുദം നേടി. വക്കീലായി തിരികെ വന്നപ്പൊഴും രാജ്യത്ത് തൊട്ടുകൂടായ്മ തുടരുകയായിരുന്നു. ജാതിവ്യവസ്ഥയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നും അതില്ലാതാക്കാതെ ദളിതരുടെയും താഴേ തട്ടിലുള്ളവരുടെയും ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പിന്നീട്‌ ജാതിമത രഹിതമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അംബേദ്കറിന്റെ പോരാട്ടം. അത് രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളുടെ വളര്‍ച്ചയായിരുന്നു.

ഒരു നൂറ്റാണ്ട് മുൻപുള്ള ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തിലായിരുന്നു അംബേദ്കറുടെ ആദ്യകാല ഉദ്‌ബോധനങ്ങളും പ്രവർത്തനങ്ങളുമെങ്കിലും സ്വതന്ത്ര്യ ഇന്ത്യ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, അംബേദ്കർ സങ്കൽപ്പിച്ച സാമൂഹ്യനീതി ഇനിയും നമുക്ക് കൈവരിക്കാനായിട്ടുണ്ടോ എന്നത് സംശയമാണ്. അദ്ദേഹം വിഭാവനം ചെയ്ത തുല്യതയും സാമൂഹിക നീതിയും ഇന്നത്തെ കാലഘട്ടത്തിലും എത്രത്തോളം പ്രസക്തമാണെന്ന് ഓരോ ദിവസവും വാർത്തകൾ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്.

ഓരോ വ്യക്തിയുടെയും വികാസമാണ് സമൂഹത്തിന്റെ ലക്ഷ്യമെന്നും, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സാഹോദര്യമാണ് ജനാധിപത്യത്തിന്റെ ജീവനെന്നും അദ്ദേഹം നമ്മളെ പഠിപ്പിക്കാൻ ശ്രമിച്ചു. ഭരണകൂടങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും നമുക്കോരോരുത്തർക്കും തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ കാവലായി നിലകൊള്ളുന്നത് അംബേദ്കർ എന്ന ദീർഘദർശിയുടെ പോരാട്ടഫലമായാണ്.

യഥാർഥ സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളൊക്കെ ലോകത്ത് പലയിടത്തും ഇന്നും കൈയെത്താദൂരത്തുതന്നെ നിൽക്കുന്നു. അദ്ദേഹം പറഞ്ഞതുപോലെയുള്ള സാമൂഹ്യമായ ഇഴുകിച്ചേരലിനെ തടയുന്ന പലതരം സംഘർഷങ്ങൾ ഇന്നുമുണ്ട്. മനുഷ്യസമൂഹത്തിന് ഇനിയും എത്രമാത്രം മുന്നോട്ടുപോകാനുണ്ടെന്ന് അംബേദ്കറിന്റെ ചിന്തകൾ നമ്മളെ ഓർമ