ദേശീയതലത്തിൽ തന്നെ രണ്ടാം റാങ്ക് കരസ്ഥമാക്കിയാണ് ഈ മിടുക്കി നാടിന് അഭിമാനമായി മാറിയിരിക്കുന്നത് .
ആഫിയ മുഴുവൻ മാർക്കും പ്രതീക്ഷിച്ചത് ഇംഗ്ലീഷിനും സയൻസിനുമായിരുന്നു. പക്ഷേ ഫലം വന്നപ്പോൾ ഒരേയൊരു മാർക്ക് നഷ്ടപ്പെട്ടത് സയൻസിനു മാത്രം. ഇംഗ്ലീഷ്, മലയാളം, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് നൂറിൽ നൂറ്. 500 ൽ 499 മാർക്കുമായി നാടിനും സ്കൂളിന് അഭിമാന ജയം സമ്മാനിച്ചിരിക്കുകയാണ് ആഫിയ...
പ്രത്യേകിച്ച് പഠന ചിട്ടകളൊന്നും പിന്തുടരുന്നില്ലെങ്കിലും ആവശ്യമുണ്ടെങ്കിൽ ദിവസം മുഴുവൻ പഠനത്തിനായി മാറ്റിവയ്ക്കാനും ഒരു മടിയും തോന്നാറില്ലെന്ന് ആഫിയ പറയുന്നു. കലാരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്.
ദുബായിൽ ഇലക്ട്രിക്കൽ ഡിസൈനറായ കിളിമാനൂർ തട്ടത്തുമല തമ്മിനം കോട്ടേജിൽ ടി. അബ്ദുൽ മുനവിറിന്റെയും എ. മുംതാസ് ബീഗത്തിന്റെയും ഏക മകളാണ്. ബയോ മാത്സ് എടുത്ത് പ്ലസ് ടു പഠിക്കാൻ ലക്ഷ്യമിടുന്ന ആഫിയയുടെ ആഗ്രഹം ഡോക്ടറാവുകയാണ്. പ്ലസ് ടു പഠനത്തിനൊപ്പം നീറ്റ് പരീക്ഷയ്ക്കായി സ്വന്തമായുള്ള തയ്യാറെടുപ്പുകളും നടത്താനാണ് തീരുമാനം.
യാതൊരു തരത്തിലുള്ള ട്യൂഷൻ സഹായവും ഇല്ലാതെ സ്വന്തം ആത്മാർത്ഥ പരിശ്രമവും ദൃഢനിശ്ചയവും കൊണ്ടാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്.
ഇതോടൊപ്പം, എംജിഎം ഇന്റർനാഷണൽ സ്കൂൾ പരീക്ഷയിൽ 100 ശതമാനം വിജയം നേടി അക്കാദമിക് മികവിന്റെ തെളിവായി മാറി. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 63 ശതമാനം പേർ ഡിസ്റ്റിങ്ക്ഷനും, 32 ശതമാനം പേർ ഫസ്റ്റ് ക്ലാസും, 5 ശതമാനം പേർ സെക്കന്റ് ക്ലാസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
