ക്ഷേത്രോത്സവത്തിനിടെ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19-കാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി


ക്ഷേത്രോത്സവത്തിനിടെ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19-കാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെയും അവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 8.30-ഓടെ മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു ആക്രമണം. ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുകയായിരുന്ന തേജസ് അബദ്ധത്തിൽ പ്രതികളുടെ കാലിൽ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പ്രതികൾ തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും സംഘത്തിലെ ആദിത്യൻ (19) കൈവശമുണ്ടായിരുന്ന കത്തികൊണ്ട് വയറ്റിലും ഇടുപ്പിലും കുത്തുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചു വെച്ചു കൊടുത്തു. ഫ്ലോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും വെളിച്ചവും കാരണം അക്രമം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.


ഒരു 'സോറി'യിൽ തീരേണ്ടിയിരുന്ന വാക്കേറ്റം ഒരു 19-കാരന്റെ ജീവനെടുത്ത ക്രൂരതയായി മാറിയിരിക്കുന്നു. കൊല്ലം മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തേജസ്സ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ട വാർത്ത കേരള മനസാക്ഷിയെയാകെ ഉലയ്ക്കുന്നതാണ്.

ഘോഷയാത്രയുടെ മുൻപിൽ ആവേശത്തോടെ നിന്ന തേജസ്സിന് അബദ്ധത്തിൽ ഒരാളുടെ ചവിട്ടേറ്റു. "എന്തിനാണ് ചവിട്ടിയത്?" എന്ന തേജസ്സിന്റെ ചോദ്യം ഒരു ചെറിയ മാപ്പപേക്ഷയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, പുറത്തുനിന്നെത്തിയ സംഘത്തിലെ ആദിത്യൻ എന്ന യുവാവ് തന്റെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് തേജസ്സിന്റെ നെഞ്ചിലേക്ക് ആഴ്ത്തുകയായിരുന്നു. ശ്വാസകോശത്തിനേറ്റ മാരകമായ മുറിവാണ് ആ യുവാവിന്റെ ജീവനെടുത്തത്.

കൈക്കുഞ്ഞായിരിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട തേജസ്സിനെ അമ്മ സൗമ്യ ഏറെ കഷ്ടപ്പെട്ടാണ് വളർത്തിയത്. തന്റെ കഷ്ടപ്പാടുകൾ മകൻ തീർക്കുമെന്നും അവൻ വലിയൊരു എൻജിനീയറാകുമെന്നും ആ അമ്മ കണ്ട സ്വപ്നങ്ങളാണ് ഒരു നിമിഷത്തെ അസഹിഷ്ണുതയിൽ ഇല്ലാതായത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ കൊട്ടിയം പോലീസ് പിടികൂടി. ഒന്നാം പ്രതി ആദിത്യൻ, ബിനു, പ്രജിത്ത്, ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത അഖിൽ രാജ് എന്നിവരും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് കേസിൽ അറസ്റ്റിലായത്. റബ്ബർ തോട്ടത്തിൽ ഒളിവിൽ കഴിയാൻ ശ്രമിച്ച പ്രതികളെ വളരെ വേഗത്തിലാണ് പോലീസ് വലയിലാക്കിയത്.

ആഘോഷങ്ങളിൽ പങ്കെടുക്കാൻ വരുമ്പോൾ എന്തിനാണ് ഈ യുവാക്കൾ മാരകായുധങ്ങൾ കൈയ്യിൽ കരുതുന്നത്? ചെറിയൊരു തർക്കത്തിന് പോലും മറ്റൊരാളുടെ ജീവനെടുക്കാൻ മടിക്കാത്ത ഈ ക്രിമിനൽ സ്വഭാവം ഭയപ്പെടുത്തുന്നതാണ്. ഒരു വീടിന്റെ വെളിച്ചം കെടുത്തിയവർക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കണം.
ആദരാഞ്ജലികൾ തേജസ്സ്...