തിരുവല്ലയിൽ ഇന്നലെ നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ! എം വി ഡി (MVD) ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് ഒരാൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റിലായത്.
തിരുവല്ല പൊടിയാടി ഭാഗത്ത് എം വി ഡി ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പതിനേഴുകാരി ഓടിച്ച സ്‌കൂട്ടർ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വാഹനം ഓടിക്കുന്നത് കണ്ടെത്തിയതോടെ, എം വി ഐ ഷെമീറും എ എം വി ഐ ഷാജി ജോസഫും അടങ്ങുന്ന സംഘം വാഹനം കസ്റ്റഡിയിലെടുത്തു.
തുടർന്ന് വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ പിതാവ് അജേഷ്, വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരുമായി കടുത്ത തർക്കമായി. തർക്കം രൂക്ഷമായതോടെ ഇയാൾ ആദ്യം എ എം വി ഐയുടെ കൈവശമിരുന്ന സ്‌കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചു. എന്നാൽ അതിൽ പരാജയപ്പെട്ടതോടെ അജേഷ് കലിപ്പിലായി!
'എന്റെ വണ്ടി വിട്ടില്ലെങ്കിൽ എം വി ഡി-യുടെ വണ്ടിയും പോകില്ല' എന്നായി ഭീഷണി. ഉടൻ തന്നെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന്റെ ഡോർ ബലമായി തുറന്ന്, അതിനുള്ളിലെ താക്കോലും ഊരിയെടുത്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടു. വിവരമറിഞ്ഞ് പുളിക്കീഴ് പോലീസ് ഉടൻ സ്ഥലത്തെത്തി അജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്ത പോലീസ്, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൗമാരക്കാരുടെ കൈയ്യിൽ വാഹനം കൊടുക്കുന്ന രക്ഷിതാക്കൾ ഒന്നോർക്കുക, നിയമം കൈയ്യിലെടുത്താൽ പണി കിട്ടുന്നത് സ്വന്തം കുടുംബത്തിനാകും!
