പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തില്‍ പ്രതി സൈനിക ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. പൊലീസ് സംശയിക്കുന്ന ആളുടെ വിരലടയാളവും ശേഖരിച്ചു.തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൂജപ്പുര പൊലീസിന്റെ നീക്കം. അതീവ സുരക്ഷയുള്ള പാങ്ങോട് കരസേനാ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന രണ്ടു കോടി രൂപ മൂല്യമുള്ള രണ്ട് ആന കൊമ്പുകളാണ് മോഷണം പോയത്.ഓഫീസേഴ്സ് മെസില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച്ച പുലര്‍ച്ചയ്ക്കും മധ്യേയാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രി മെസില്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ മറവിലാണ് മോഷണം നടന്നതെന്ന നിഗമനത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വഴിത്തിരിവ്.
ഡിജെ പാര്‍ട്ടിക്കായി പുറത്തുനിന്നെത്തിയ സംഘത്തിലെ 19 പേരെ പൂജപ്പുര പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇവരാണ് മോഷണത്തിന് പിന്നിലെന്ന് ഉറപ്പിക്കുന്ന സൂചനകള്‍ പൊലീസിനില്ല. പാങ്ങോട് ക്യാമ്പിനെ കുറിച്ചു അറിയാവുന്നവര്‍ നടത്തിയ മോഷണമെന്ന് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. പിന്നാലെയാണ് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തിയത്. പൊലീസ് സംശയിക്കുന്ന ആളുടെ വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് സേനാ സ്റ്റേഷനിലേക്ക് കയറാനും ഇറങ്ങാനും സാധിക്കുക. ഈ സാഹചര്യത്തില്‍ ആനക്കൊമ്പുകള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടാകില്ല എന്നും പൊലീസ് സംശയിക്കുന്നു. സേനാ സ്റ്റേഷന് അകത്തേയും പുറത്തേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.