നിയമം ലംഘിക്കുന്നവർക്ക് മുന്നിൽ തലയുയർത്തി നിന്ന് കോഴിക്കോട്ടുകാരുടെ ഈ പ്രഭാവതിയമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. എരഞ്ഞിപ്പാലം സിഗ്നലിലെ ബ്ലോക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റിയ വിരുതനെയാണ് ഈ അമ്മ പാഠം പഠിപ്പിച്ചത്. "ഇത് വണ്ടി ഓടിക്കാനുള്ള സ്ഥലമല്ല, നടക്കാനുള്ളതാണ്" എന്ന് പറയാതെ പറഞ്ഞു പഠിപ്പിച്ച ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒടുവിൽ ആ സ്കൂട്ടർ യാത്രികന് തോൽവി സമ്മതിച്ച് റോഡിലേക്ക് തന്നെ വണ്ടി തിരിച്ചിറക്കേണ്ടി വന്നു.
മൊബൈൽ ക്യാമറ ഉയർത്തിക്കാട്ടിയും, വണ്ടിക്ക് മുന്നിൽ ചുവടുറപ്പിച്ചു നിന്നും അമ്മ നടത്തിയ ആ പോരാട്ടം വെറുതെയായില്ല. വീഡിയോ വൈറലായതോടെ മോട്ടോർ വാഹന വകുപ്പ് (MVD) ഉടനടി നടപടിയെടുത്തു. നിയമം ലംഘിച്ച യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ ധീരതയെ അഭിനന്ദിച്ചെത്തിയിട്ടുണ്ട്.
തെറ്റിനോട് നോ പറയാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച പ്രഭാവതിയമ്മയ്ക്ക് സോഷ്യൽ മീഡിയയിൽ ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. റോഡിലെ മര്യാദകൾ കാറ്റിൽ പറത്തുന്നവർക്കുള്ള കൃത്യമായ താക്കീതാണ് ഈ സംഭവം.
