ഇനി തീ തുപ്പില്ല; പുതിയ നിറമടിക്കാനുള്ള നീക്കത്തിനിടെ കാര്‍ കസ്റ്റഡിയിലെടുത്ത് എംവിഡി

കൊല്ലത്തു ഭീതി വിതച്ച തീ തുപ്പുന്ന കാറിനേയും ഉടമയേയും കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ്. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍റേതാണ് വാഹനം. കാറിന്‍റെ പുക കുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമടിക്കാനായിരുന്നു നീക്കം.

സമൂഹമാധ്യമത്തിലടക്കം ദൃശ്യങ്ങള്‍ വൈറലായിരുന്നെങ്കിലും നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. 2017ലില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം ഇയാൾ വാങ്ങുന്നത് 2024 ലാണ്. അന്നുമുതൽ ഇന്നുവരെ വിവിധ നിയമലംഘനങ്ങൾക്കായി 11 പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ 4 എണ്ണം അടച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.

വാഹനത്തിന്റെ റജിസ്ട്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കും കഴിഞ്ഞ ദിവസമാണ് കാറിന്‍റെ പുകകുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ കണ്ടെത്തിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴും , റൈസ് ചെയ്യുമ്പോഴും പുകകുഴല്‍ വഴി തീ തുപ്പുന്നുണ്ടായിരുന്നു. കൊല്ലത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വന്നവര്‍ സഞ്ചരിച്ച വാഹനമായിരുന്നു ഇത്. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ദൃശ്യങ്ങള്‍ വൈറലായി. ഇതോടെ മോട്ടോര്‍വാഹനവകുപ്പ് കാര്‍ കണ്ടെത്താന്‍ പരക്കം പാഞ്ഞു. ഒടുവില്‍ പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍റേതാണ് വാഹനമെന്നു തിരിച്ചറിഞ്ഞു. വാഹന ഉടമയുടെ വീട്ടില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തി.