കല്ലമ്പലം കടുവയിൽ തോട്ടയ്ക്കാട് റോഡിലെ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി.

കല്ലമ്പലം കടുവയിൽ തോട്ടയ്ക്കാട് റോഡിലെ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ഇവരിൽ നിന്നും അഞ്ച് ഗ്രാമിലധികം എം.ഡി.എം.എ (MDMA) കണ്ടെടുത്തു.
​ആറ്റിങ്ങൽ സ്വദേശി മൻസീർ, കടയ്ക്കാവൂർ സ്വദേശികളായ സൽമാൻ, രാജ്മോഹൻ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മോഷണം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്നും പോലീസ് വ്യക്തമാക്കി.
ഒരു മാസക്കാലമായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡാൻസാഫ് ടീം അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് യുവാക്കൾ താമസിച്ചിരുന്ന വീടിന് മുന്നിലെ റോഡിൽ വെച്ച് എസ്.ഐ സഹിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഡാൻസാഫ് ഗ്രേഡ് എസ്.ഐ ബിജുകുമാർ, എ.എസ്.ഐ അനൂപ്, ജി.എസ്.സി.പി.ഒ വിനീഷ്, എസ്.സി.പി.ഒമാരായ ഫാറൂഖ്, സുനിൽ രാജ്, സുജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ വലയിലാക്കിയത്