സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യുന്നത്. ആലിൻ ഷെറിൻ അബ്രഹാം ഇനി നാല് കുരുന്നുകളിലൂടെ ജീവിക്കും. മൂന്ന് മണിക്കൂർ എടുത്താണ് എറണാകുളത്തുനിന്നും ആംബുലൻസ് തിരുവനന്തപുരത്തേക്ക് എത്തിയത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലൻസിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീൻ കോറിഡോർ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു. കോട്ടയത്ത് ആലിന്‍റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലൻസ് കടന്നുപോയത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ കുഞ്ഞ് ആലിൻ ഷെറിൻ അബ്രഹാമിന് ഒരു റോഡപകടത്തെത്തുടർന്നാണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ചത്. കുഞ്ഞിന്‍റെ മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ആശുപത്രി അധികൃതർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് കുഞ്ഞിന് വിട നൽകിയത്. ആലിൻ ഇനിയില്ലെങ്കിലും കുഞ്ഞിന്‍റെ ജീവൻ മറ്റ് കുരുന്നുകൾക്ക് ജീവൻ നൽകുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു.
