തോൽവി അറിയാതെ ടീം ഇന്ത്യ'; ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് പ്രവേശനം ആഘോഷമാക്കി ടീം ഇന്ത്യ

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസ് അടിച്ചെടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ആണ് അവരുടെ ടോപ് സ്കോറർ. 17 റൺസിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ വ്യക്തമാക്കുന്നതു കൂടിയായി ഇന്നത്തെ മത്സരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 193, നെതർലൻഡ്സ് - 20 ഓവറിൽ ഏഴിന് 176.

മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാന്‍ (15 പന്തിൽ 23), മാക്സ് ഒ‍ഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാര്‍ നെതർലൻഡ്സിനായി തിളങ്ങി. ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി.

ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു....