വരുമാന കണക്കിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ

വരുമാന കണക്കിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ മുന്നിലെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന വാൾമാർട്ടിനെ മറികടന്നാണ് ആമസോണിന്റെ ഈ നേട്ടം.

കഴിഞ്ഞ 12 മാസത്തിനിടെ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. അതേസമയം വാൾമാർട്ടിന്റെ വരുമാനം 713.2 ബില്യൺ ഡോളറായിരുന്നു. റീട്ടെയിൽ വ്യാപാരത്തോടൊപ്പം ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിൽ, പ്രത്യേകിച്ച് ആമസോൺ വെബ് സർവീസസിന്റെ വളർച്ച, കമ്പനിയുടെ വരുമാന വർധനയ്ക്ക് പ്രധാന കാരണമായി.

ഓൺലൈൻ വിപണിയിൽ ആമസോണിന് ശക്തമായ ആധിപത്യമുണ്ട്. കമ്പനിയുടെ വെബ്സൈറ്റും ആപ്പും ഏകദേശം 2.7 ബില്യൺ ആളുകൾ സന്ദർശിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഓഫ്‌ലൈൻ സ്റ്റോർ ശൃംഖലയിൽ വാൾമാർട്ടിനാണ് മുൻതൂക്കം. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വാൾമാർട്ടിന് ആയിരക്കണക്കിന് സ്റ്റോറുകളുണ്ട്.

അതേസമയം, വിപണിമൂല്യത്തിൽ ആമസോൺ ഇപ്പോഴും ഒന്നാമതല്ല. 4.5 ട്രില്യൺ ഡോളർ വിപണിമൂല്യമുള്ള Nvidia ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ആമസോണിന്റെ വിപണിമൂല്യത്തിന്റെ ഏകദേശം ഇരട്ടിയാണ് നിവിഡിയയുടെ മൂല്യം.

#Amazon #walmart