കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് വീണു മരിച്ചു; രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും ശ്വാസതടസ്സം


​വർക്കല: കുടുംബവീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് വീണു മരിച്ചു. വർക്കല കണ്ണംബ ചരുവിള വീട്ടിൽ വിനീത് (പക്രു - 36) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം. 120 അടി ആഴവും 15 അടിയോളം വെള്ളവുമുള്ള കിണറ്റിൽ ഇറങ്ങുന്നതിനിടെയാണ് വിനീത് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അഷ്റഫിനും കിണറിനുള്ളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടു.
​ചവിട്ടി നിൽക്കാൻ പടവുകളില്ലാത്ത കിണറിനുള്ളിലെ വായുവിന്റെ അഭാവവും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാതാളക്കരണ്ടി ഉപയോഗിച്ചാണ് വിനീതിനെ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തിയത്. ബോഡി ഹാർണസ്, ബി.എ സെറ്റ്, ഹെൽമെറ്റ് എന്നിവ ധരിച്ച് കിണറ്റിലിറങ്ങിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അഷ്റഫിന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ സഹപ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ റോപ്പ് വഴി വലിച്ച് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
​തുടർന്ന് പുറത്തെടുത്ത വിനീതിനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല