നൊമ്പരമായി അസ്ന; ആ മരണം ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്...

ചങ്ങരംകുളം: പ്രിയപ്പെട്ടവരുടെ തണലിൽ സുരക്ഷിതമെന്ന് വിശ്വസിക്കുന്ന സ്വന്തം വീട്ടിൽ വെച്ച്, ഇരുപതാം വയസ്സിൽ ഒരു പെൺകുഞ്ഞ് ജീവിതം അവസാനിപ്പിക്കുമ്പോൾ അത് സമൂഹത്തിന് നൽകുന്ന വേദന ചെറുതല്ല. ചിയ്യാനൂർ അരുവായിൽ അസറിന്റെ ഭാര്യ അസ്നയെയാണ് ടിപ്പു നഗറിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയ അസ്നയ്ക്ക് ആ രണ്ട് ദിവസങ്ങൾക്കുള്ളിൽ എന്ത് സംഭവിച്ചുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അസ്നയെ അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിധി ക്രൂരമായിരുന്നു.

വിവാഹശേഷം സ്വന്തം വീട്ടിൽ വന്നുകയറിയ മകൾ ഇത്രയും കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചേർന്നു എന്നത് വിശ്വസിക്കാനാവാതെ തകർന്നിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഈ റമദാൻ മാസത്തിൽ പോലും ഇങ്ങനെ ഒരു വാർത്ത കേൾക്കേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഏവരും. ആ പെൺകുട്ടി അനുഭവിച്ച മാനസിക സംഘർഷങ്ങളും പ്രതിസന്ധികളും എന്തായിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.

നമ്മുടെ കുടുംബങ്ങളിലും സൗഹൃദങ്ങളിലും ഇത്തരം സങ്കടങ്ങൾ ആരും അറിയാതെ വളരുന്നുണ്ടോ എന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. ഒരു ജീവൻ കൂടി പൊലിഞ്ഞു പോകുമ്പോൾ, തിരിച്ചുവരാനാവാത്ത ലോകത്തേക്ക് പോയ ആ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കാം. അള്ളാഹു ആ ആത്മാവിന് ശാന്തി നൽകട്ടെ.