വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് കടല്‍വിഭവം കഴിച്ചതിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഏകദേശം ഇരുന്നൂറുപേര്‍ കൂടി കഴിച്ചിരുന്നുവെന്നും മറ്റ് ആരിലും ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ക്ക് കടല്‍വിഭവങ്ങളോട് അലര്‍ജി ഉണ്ടായിരിക്കാമെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലാബ് പരിശോധനാഫലം ലഭിച്ചശേഷം അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58)യും മരുമകന്‍ ഷാജി (48)യും ആണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് മീന്‍ വിഭവങ്ങള്‍ കഴിച്ച അഞ്ചംഗ സംഘം മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് ഇടപെട്ട് താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.