പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി;

പുനലൂർ..താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ വാർഡിലെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വിളക്കുപാറ സാബു വിലാസത്തിൽ എ.ആർ. ബാബു (74) ആണ് മരിച്ചത്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കളും സഹരോഗികളും ആരോപിച്ചു.
​പ്രമേഹബാധയെത്തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തുന്നതിനായി ദിവസങ്ങൾക്ക് മുമ്പാണ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകൾ മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്ന് ബാബു പലതവണ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, ജീവനക്കാർ ഇത് കാര്യമായെടുക്കുകയോ ആവശ്യമായ പരിചരണം നൽകുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.
​ കഴിഞ്ഞ രാത്രി 12 മണി വരെ അസ്വസ്ഥതകൾ കാരണം ബാബു കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. അർധരാത്രിക്ക് ശേഷമാണ് ഇദ്ദേഹത്തെ കട്ടിലിനടിയിൽ അബോധാവസ്ഥയിൽ വീണുകിടക്കുന്ന നിലയിൽ മറ്റൊരു രോഗി കണ്ടത്. ഉടൻ തന്നെ വിവരം അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു