തലസ്ഥാനത്ത് വീണ്ടും വ്യാജലോട്ടറി തട്ടിപ്പ്. പേയാട് പള്ളിമുക്ക് സെന്‍റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് ഭഗവതി ഏജൻസി ലോട്ടറി വില്പന നടത്തുന്ന സിന്ധു (39)വാണ് തട്ടിപ്പിന് ഇരയായത്.
മലയിൻകീഴ് പാലോട്ടുവിള മാങ്കുന്നില്‍ ലോട്ടറി ഏജന്‍റ് നെല്‍സനെ കബളിപ്പിച്ച അതേ ആളാണ് പ്രതിയെന്ന് സംശയിക്കുന്നു. സിന്ധുവില്‍ നിന്ന് 5000 രൂപയാണ് പ്രതി തട്ടിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് ലോട്ടറി ഏജന്‍റ് നെല്‍സൻ പറ്റിക്കപ്പെട്ടത്. ഫെബ്രുവരി 11ന് നറുക്കെടുത്ത ധനലക്ഷ്മിയുടെ ഡി.എല്‍.39-ാം നമ്പർ ലോട്ടറിയില്‍ 9785 നമ്പരില്‍ 5000 രൂപ സമ്മാനമുണ്ടെന്ന് പറ്റിച്ചാണ് പണം തട്ടിയത്. അതേ നമ്പരിലുള്ള ടിക്കറ്റ് നല്‍കിയാണ് സിന്ധുവിനെയും പറ്റിച്ചത്. ടിക്കറ്റ് നല്‍കിയ ശേഷം അടുത്ത ദിവസത്തെ പത്ത് ടിക്കറ്റും എടുത്തു. 4500 രൂപ സിന്ധുവില്‍ നിന്ന് വാങ്ങി പ്രതി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
അടുത്ത ദിവസം സിന്ധു പ്രധാന ഏജൻസിയില്‍ എത്തി ലോട്ടറി നല്‍കി. തുക കൈപ്പറ്റാൻ കാത്തുനില്‍ക്കുമ്പോഴാണ് ഇത് വ്യാജ ലോട്ടറിയാണെന്ന് അറിയുന്നത്. മലയിൻകീഴ് പൊലീസില്‍ സിന്ധു പരാതി നല്‍കിയിട്ടുണ്ട്. നെല്‍സനെ കബളിപ്പിച്ച് പണം വാങ്ങിയപ്പോള്‍ സിസിടിവിക്യാമറ ദൃശ്യത്തില്‍ കുടുങ്ങിയ ആള്‍ തന്നെയാണ് സിന്ധുവിനെയും പറ്റിച്ചതെന്ന് വ്യക്തമായി. പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നെല്‍സൻ നല്‍കിയിട്ടുണ്ട്. ആമച്ചല്‍ സ്വദേശിയാണ് വ്യാജ ലോട്ടറി നല്‍കി തുക തട്ടുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പോങ്ങുംമൂട്, പേയാട് ഭാഗങ്ങളിലുള്ള ചെറുകിട ഏജന്‍റുമാരെയും പറ്റിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് മലയിൻകീഴ് പൊലീസ് അറിയിച്ചു.
