പാന്‍ കാര്‍ഡ് നിബന്ധന നീക്കി; ചെറിയ തുകയുടെ ഇടപാട് ഇനി ലളിതം

മുംബൈ: സാമ്പത്തിക ഇടപാടിന് നിര്‍ബന്ധമായും പാന്‍ കാര്‍ഡ് നല്‍കണമെന്ന നിബന്ധനയില്‍ മാറ്റം. ബാങ്കുകളില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, വാഹനം, സ്ഥലം എന്നിവ വാങ്ങല്‍, ഹോട്ടല്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ അടക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പാന്‍ കാര്‍ഡ് ഉപയോഗം ഇനി ലളിതമാകും.

നിലവിലെ നിയമ പ്രകാരം 50,000 രൂപയില്‍ കൂടുതലുള്ള ബാങ്ക് ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍, പുതിയ നിര്‍ദേശ പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍ നിന്നുള്ള മൊത്തം പണമിടപാടുകള്‍ 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രം പാന്‍ കാര്‍ഡ് നല്‍കിയാല്‍ മതി.
1962 മുതല്‍ നിലവിലുള്ള ആദായ നികുതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുതിയ നിയമം നടപ്പാക്കുക. പുതിയ ഭേദഗതി നിര്‍ദേശത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ഈ മാസം 22 വരെ അറിയിക്കാം. 2025 ലെ ആദായനികുതി നിയമവും നിര്‍ദ്ദിഷ്ട മാറ്റങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
അതുപോലെ, ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വാങ്ങാനും വില്‍ക്കാനും നിലവില്‍ പാന്‍ നിര്‍ബന്ധമാണ്. എന്നാല്‍, ട്രാക്ടറുകള്‍ ഒഴികെയുള്ള വാഹനങ്ങളുടെ വില അഞ്ച് ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ പാന്‍ ആവശ്യ?മില്ലാതാകും. നിലവില്‍ 50,000 രൂപയില്‍ കൂടുതലുള്ള റസ്റ്റോറന്റ് ബില്ല് അടക്കാന്‍ പാന്‍ വേണമെന്ന നിബന്ധനയിലും മാറ്റം വരും. ഇനി ബില്ല് ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പാന്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്ന നിയമമാണ് വരുന്നത്.