ഹൈദരാബാദ്: അധികാരത്തോടുള്ള ആർത്തി മൂത്ത് സ്വന്തം മകളെ ഇല്ലാതാക്കിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി 3 മക്കളിൽ ഒരാളായ 6 വയസ്സുകാരിയെ പിതാവ് ഇല്ലാതാക്കി. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ കെരൂർ സ്വദേശിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് ക്രൂരകൃത്യം ചെയ്തത്..
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന മഹാരാഷ്ട്രയിലെ നിയമം മറികടക്കാന്‍ ആയിരുന്നു ഈ കൃത്യം നടത്തിയത്. പാണ്ഡുരംഗിന് 2 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. അടുത്ത 6 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇയാൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതിനായി മൂന്നാമത്തെ കുട്ടിയെ ദത്തെടുക്കാൻ നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ഇരട്ട പെൺമക്കളിൽ ഒരാളായ പ്രാച്ചിയെ ഇല്ലാതാക്കാന്‍ ഇയാൾ തീരുമാനിച്ചത്..
ഒരാളുടെ സഹായത്തോടെ കുട്ടിയെ തെലങ്കാനയിലെ നിസാമാബാദിലുള്ള നിസാംസാഗർ കനാലിലെത്തിച്ച് മുക്കിജീവനെടുക്കുക ആയിരുന്നു. കനാലിൽ നിന്ന് പെൺകുട്ടിയുടെ ശരീരഭ കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കുട്ടിയുടെ ചിത്രം വാട്‌സ്ആപ്പ് വഴി വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചതോടെ മഹാരാഷ്ട്രയിലെ മുഖേദ് താലൂക്കിലെ ഒരു ഉദ്യോഗസ്ഥൻ കുട്ടിയെ തിരിച്ചറിഞ്ഞു..
ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. തുടർന്ന് പോലീസ് ഫോൺ രേഖകളും ,ടവർ ലൊക്കേഷനും പരിശോധിച്ചപ്പോൾ സംഭവ ദിവസം ഇയാൾ തെലങ്കാനയിൽ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതോടെ ഇയാൾ കുറ്റം സമ്മതിക്കുക ആയിരുന്നു. കൃത്യം ആസൂത്രണം ചെയ്യാൻ സഹായിച്ച നിലവിലെ പഞ്ചായത്ത് അംഗം ഗണേഷ് ഷിൻഡെയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു...
