ജയില്‍ ഭക്ഷണം കഴിക്കാൻ കൊതിച്ച്‌ കലക്ടറേറ്റിന് ബോംബ് ഭീഷണി; പോലീസിനെ പ്രതീക്ഷിച്ച്‌ പ്രതി വീടിനു മുന്നില്‍.

കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന് വ്യാജ സന്ദേശം നല്‍കിയ മയ്യനാട് സ്വദേശി പ്രമോദ് ജോണിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു..

ജയിലിലെ 'ഭക്ഷണം' ലക്ഷ്യമിട്ടാണ് യുവാവ് ഇത്തരമൊരു കടുംകൈ ചെയ്തത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പൊലീസിന്റെ 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന കോള്‍ എത്തിയത്. 50 മിനിറ്റിനുള്ളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു മുന്നറിയിപ്പ്. സ്വന്തം ഫോണില്‍ നിന്നാണ് വിളിച്ചതെന്നതിനാല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിയുടെ വീട്ടിലെത്തി. തന്നെ പിടിക്കാൻ പൊലീസ് എത്തുമെന്ന് പ്രതീക്ഷിച്ച്‌ വീടിന് മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു പ്രമോദ്. മുമ്പ് ഒരു കേസില്‍ 15 ദിവസം ജയിലില്‍ കഴിഞ്ഞപ്പോള്‍ അവിടെ കൃത്യസമയത്ത് ലഭിച്ചിരുന്ന ഭക്ഷണത്തോടുള്ള താല്പര്യമാണ് ഈ നീക്കത്തിന് പിന്നിലെന്ന് പ്രമോദ് മൊഴി നല്‍കി.

ആദ്യം തീവ്രവാദ ബന്ധം സംശയിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിനും പ്രാദേശിക അന്വേഷണത്തിനും ശേഷം യുവാവിന്റെ വിചിത്രമായ വാദം പൊലീസ് വിശ്വസിച്ചു. നിലവില്‍ പ്രതിയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ഭീഷണിയെത്തുടർന്ന് ബോംബ് സ്ക്വാഡ് കലക്ടറേറ്റില്‍ പരിശോധന നടത്തിയിരുന്നു..