സഞ്ജു ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തിന് 100 ശതമാനം അർഹനാണെന്നും ദിനേഷ് കാർത്തിക് പറഞ്ഞു. സമീപകാലത്തെ പ്രകടനങ്ങൾ അത്ര മികച്ചതല്ലെങ്കിലും സഞ്ജുവിലെ താരത്തെ കുറച്ചുകാണാൻ കഴിയില്ലെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു.100 ശതമാനവും സഞ്ജു സാംസൺ ടീമിലെത്തും. ഓപ്പണിംഗ് സ്ഥാനം സഞ്ജു അർഹിക്കുന്നുണ്ട്. 2024-ൽ അവന്‍ നടത്തിയ മികച്ച പ്രകടനങ്ങൾകൊണ്ട് ഈ അവസരം അവന്‍ നേടിയെടുത്തതാണ്. അവൻ നന്നായി കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സഞ്ജു ഒരു സൂപ്പർസ്റ്റാറാണ്, അദ്ദേഹത്തിന് രാജ്യത്തെമ്പാടും വലിയൊരു ആരാധകവൃന്ദമുണ്ട്- കാർത്തിക് ക്രിക്ബസിനോട് പറഞ്ഞു.
പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിന് മുൻപ് ജസ്പ്രീത് ബുമ്രയ്ക്ക് താളം കണ്ടെത്താൻ നമീബിയക്കെതിരായ മത്സരം സഹായിക്കുമെന്ന് കാർത്തിക് ചൂണ്ടിക്കാട്ടി. അസുഖം കാരണം ആദ്യ മത്സരത്തിൽ ബുമ്ര കളിച്ചിരുന്നില്ല. പാകിസ്ഥാനെതിരായ വമ്പൻ പോരാട്ടത്തിന് മുൻപ് നാലോവർ എറിഞ്ഞ് ബുമ്രയ്ക്ക് താളം വീണ്ടെടുക്കാൻ ഈ മത്സരം ഉപകരിക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കി.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണെങ്കിൽ ഒരു പേസറെ കുറച്ച് കുൽദീപ് യാദവിനെ കൂടി ടീമിലുൾപ്പെടുത്താൻ കോച്ച് ഗൗതം ഗംഭീർ തയ്യാറായേക്കും. അങ്ങനെയെങ്കിൽ ബുമ്രയ്‌ക്കൊപ്പം കുൽദീപും പ്ലേയിംഗ് ഇലവനിലെത്തിയേക്കാം. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ 32 റൺസിന്‍റെ വിജയം നേടിയ ഇന്ത്യ, ഇന്ന് കൂടി ജയിച്ച് ലോകകപ്പ് ക്യാമ്പെയ്ൻ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.
