സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്; ഫെബ്രുവരിയിലെ റെക്കോർഡ് നിരക്കിൽ വിപണി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 320 രൂപ കൂടിയതോടെ ഇന്നത്തെ നിരക്ക് 1,18,640 രൂപയാണ്. ​ഗ്രാമിന് 40 രൂപ കൂടി 14,830 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം എത്തി നിൽക്കുന്നത്. ഇന്നലെ രണ്ട് തവണ ആണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 1,18,320 എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നത്. എന്നാൽ ഉച്ച കഴിഞ്ഞതോടെ വിലയിൽ നേരിയ ഇടിവുണ്ടായി. ഉച്ചയ്ക്ക് ശേഷം പവന് 1,17,520 രൂപയായിരുന്നു നിരക്ക്. സാധാരണക്കാരനെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഇപ്പോൾ സ്വർണത്തിന്റെ വില കൂടി കൊണ്ടിരിക്കുന്നത്. ജിഎസ്ടിയും, പണിക്കൂലിയും അടക്കം കൊടുക്കേണ്ടി വരുന്നതോടെ ഒരു പവൻ വാങ്ങണമെങ്കിൽ നൽകേണ്ടത് വലിയ തുക തന്നെ ആണ്.

ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീർണമായി തുടരുന്നത് ആണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മാർക്കറ്റിലും സ്വർണവിലയിൽ നിരന്തര മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു. അതേസമയം, സ്വർണവിലയിൽ ഇതി വലിയ ഒരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. അന്താരാഷ്ട്ര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങൾ രാജ്യാന്തര മാർക്കറ്റിൽ കാണാൻ കഴിയും. ഇത് ആണ് ഇന്ത്യൻ വിപണിയിലും പ്രകടമാകുന്നത്.

സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് പലരും കാണുന്നത്. വാങ്ങി സൂക്ഷിച്ച് വില ഉയരുമ്പോൾ വിൽക്കാനോ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനോ കഴിയുമല്ലോ.