അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-പാക് പോരാട്ടം ഉറപ്പായി; ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്ഥാൻ

പാകിസ്താന്റെ U-TURN ! ഇന്ത്യക്കെതിരെ ലോകകപ്പ് കളിക്കും

നിലവില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഞായറാഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പാകിസ്താന്‍ നിലപാടില്‍ നിന്നും മാറുകയായിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറാന്‍ ഫോഴ്സ് മജ്യൂര്‍ വകുപ്പ് പ്രയോഗിച്ചാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഐസിസി പിസിബിയെ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമാറ്റം. ശ്രീലങ്കന്‍ പ്രസിഡന്റ് മത്സരം നടത്താനായി ഇടപെട്ടുവെന്നും പാക് സര്‍ക്കാര്‍ വ്യക്തമാക്കി.

ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തില്‍ പാക് പട ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് നേരത്തെ പിസിബിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.

തങ്ങള്‍ മുന്നോട്ടുവെച്ച ചില ആവശ്യങ്ങളില്‍ ഐസിസി ഉറപ്പ് നല്‍കിയതായി പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ അവര്‍ക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ഇത് തള്ളിയെങ്കിലും, അടുത്ത അണ്ടര്‍-19 ലോകകപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നല്‍കുന്ന കാര്യം ഐസിസി പരിഗണിക്കും.2028നും 2031നും ഇടയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തില്‍ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍.