കൊല്ലത്ത് നിന്നുള്ള കുടുംബത്തോടൊപ്പം വിഴിഞ്ഞത്തെ 'അസ്മാക്' ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഒരു മണിയോടെ ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റഷീദാ ബീവിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും നാവ് കുഴഞ്ഞ് ശരീരം തളരുകയും ചെയ്തു. തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് ചായ വാങ്ങി നൽകിയെങ്കിലും നിമിഷങ്ങൾക്കകം ഷാജി കടുത്ത രീതിയിൽ ശർദ്ദിക്കാൻ തുടങ്ങുകയായിരുന്നു. ഉടൻ തന്നെ റഷീദാ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാജിയുടെ ഭാര്യ സജീന സമാനമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് മാത്രമാണ് ആശ്വാസം.
സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്മാക് ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മരണകാരണം ഭക്ഷണത്തോടുള്ള കടുത്ത അലർജിയാണോ (Anaphylaxis) അതോ ഭക്ഷ്യവിഷബാധയാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലാബ് പരിശോധനാ ഫലവും വന്നാലേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
