മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവം; മ്യൂസിയം പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഡിസിപി വിനോദിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. അപകടം നടന്നത് മുതലുള്ള പൊലീസ് നടപടികള്‍ നിരീക്ഷിക്കും.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്. ‘KL 01 CJ 04’ നമ്പറുള്ള കാറിലേക്ക് യുവാക്കള്‍ സഢ്ചരിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വന്ന് ഇടിക്കുകയായിരുന്നു.

ജീവഹാനി സംഭവിക്കുന്ന തരത്തില്‍ വാഹനം ഓടിച്ചു. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ സഹായിച്ചില്ല. വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഇതെല്ലാം മണിയന്‍പിള്ള രാജു നിഷേധിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. നിവേദിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ എസ് മെഡിസിറ്റി ആശുപത്രിലും തുടരുകയാണ്.

അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ ഹാജരായത്. സ്റ്റേഷനില്‍ എത്തിയ നടനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് വിധേയനാക്കി. ശേഷം ജാമ്യം നല്‍കി വിട്ടയക്കുകയുമായിരുന്നു