സ്വര്‍ണവിലയില്‍ ഇടിവ്; പവന് 880 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,520 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,160 രൂപയായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്വര്‍ണവില വലിയ രീതിയില്‍ ഉയര്‍ന്നിരന്നു. എന്നാല്‍ ഇന്ന് ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില താഴേക്ക് വരുന്നതാണ് കണ്ടത്.

അമേരിക്കയില്‍ നിന്നുള്ള ശക്തമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വില കുറയാന്‍ പ്രധാന കാരണം. ഇത് യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉടന്‍ കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ഇന്‍ഡക്‌സ് ശക്തി പ്രാപിച്ചത് സ്വര്‍ണത്തിന് തിരിച്ചടിയായി.

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 5,065.98 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂചര്‍ നിരക്കും 0.2 ശതമാനം താഴ്ന്നു.
അമേരിക്കയിലെ നിലവിലെ സാമ്പത്തിക സാഹചര്യം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.