മലപ്പുറം: ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയിൽ കുടുങ്ങിയ സെയിൽസ്മാൻ മുസ്‌തഫയുടെ ശരീരം പുറത്തെടുത്തു. 7 മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിന് ഒടുവിലാണ് കണ്ടെത്തിയത്.
തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തിൽ നിന്ന് മുകളിലേക്ക് ഉയർത്തുകയും കാബിൻ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുക ആയിരുന്നു ഇന്ന് ഉച്ചയ്ക്കാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദുഷ്കരമായ രക്ഷാദൗത്യമാണ് 7 മണിക്കൂറോളം നടന്നത്. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവർ ജാഫർ ചികിത്സയിലാണ്. ജാഫറിനെ മുൻപ് തന്നെ രക്ഷപ്പെടുത്തിയിരുന്നു.
വെള്ളത്തിലും ചെളിയിലും പൂർണമായി മുങ്ങിപ്പോയ ലോറി അഞ്ചാമത്തെ ശ്രമത്തിലാണ് ഉയർത്താൻ സാധിച്ചത് ആതവനാട് ഊരോത്ത് പള്ളിയാലിൽ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 2 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തിൽ പൂർണമായും താഴ്ന്നുപോയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് നാട്ടുകാർ പറയുന്നു.
ഏകദേശം 65 അടി താഴ്‌ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂർണമായും മുങ്ങുകയും ചെയ്തു പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാൽ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആഴക്കൂടുതലും ക്രെയിൻ ഉൾപ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസ്സവും റോപ്പ് ഘടിപ്പിക്കാൻ ആദ്യഘട്ടത്തിൽ സാധിക്കാതെ വന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. ചതുപ്പിൽ ആഴത്തിലുള്ള ചെളിയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
