ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ മിന്നും ജയം. തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു. പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഹര്‍ദിക് പാണ്ഡ്യ തന്നെ 10ാം വിക്കറ്റും വീഴ്ത്തി പാക് പെട്ടിയില്‍ അവസാന ആണിയും അടിച്ചു.
തുടക്കത്തില്‍ തന്നെ അഭിഷേകിനെ മടക്കി ഞെട്ടിച്ച പാകിസ്ഥാന് അതിലും വലിയ ഞെട്ടല്‍ സമ്മാനിച്ചാണ് ഇന്ത്യ മറുപടി ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ ഹര്‍ദിക് പാണ്ഡ്യ അപകടകാരിയായ ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാനെ പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. ആ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നു പിന്നീടൊരിക്കലും പാകിസ്ഥാന്‍ മത്സരത്തിലേക്ക് മടങ്ങി വന്നില്ല. സ്പിന്നര്‍മാരും പേസര്‍മാരും ഇന്ത്യക്കായി മിന്നും ബൗളിങ് പുറത്തെടുത്തതോടെ പാക് സംഘത്തിനു ഉത്തരം മുട്ടി. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
രണ്ടാം ഓവര്‍ എറിയാന്‍ വന്ന ജസ്പ്രിത് ബുംറ 6 പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റെടുത്തു പാകിസ്ഥാനെ വന്‍ പ്രതിരോധത്തിലാക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കായി. 2 ഓവറില്‍ പാകിസ്ഥാന് 13 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോള്‍ നഷ്ടം വന്നത് 3 വിക്കറ്റുകള്‍. സയിം അയൂബ് 6 റണ്‍സുമായും പാക് നായകന്‍ സല്‍മാന്‍ ആഘ 4 റണ്‍സുമായും പുറത്തായി.
