രാജ്യത്ത് ഏഴിൽ ഒരാൾക്ക് 45 വയസ്സിനു മുമ്പ് സ്ട്രോക്ക് പ്രധാനകാരണം അനിയന്ത്രിത ബിപി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്‌ട്രോക്ക് രജിസ്ട്രി വിശകലനം ചെയ്ത് തയ്യാറാക്കിയ പഠനം International Journal of Stroke ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2020 മുതല്‍ 2022 വരെ രേഖപ്പെടുത്തിയ 34,792 സ്‌ട്രോക്ക് കേസുകള്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്‌ട്രോക്ക് വരുന്ന ശരാശരി പ്രായം 59.4 ആണെങ്കിലും, 13.8 ശതമാനം കേസുകളില്‍ ഇത് 45 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്. ഇവരില്‍ 63.4 ശതമാനം പുരുഷന്മാരാണ്. മസ്തിഷ്‌കാഘാത ലക്ഷണങ്ങള്‍ കണ്ടതിന് 24 മണിക്കൂര്‍ കഴിഞ്ഞാണ് അഞ്ചില്‍ രണ്ടുപേരും ആശുപത്രിയിലെത്തുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത് മരണത്തിനും ദീര്‍ഘകാല പക്ഷാഘാതത്തിനും കാരണമാകുന്നു. ആദ്യ മണിക്കൂറില്‍ ചികിത്സ തേടുന്നത് 20 ശതമാനം പേര്‍ മാത്രമാണെന്നതും ആശങ്കാജനകമാണ്.
തലച്ചോറിലേക്കുള്ള രക്തധമനികള്‍ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദമാണ് പ്രധാന കാരണം. 74.5 ശതമാനം കേസുകളിലും അമിത ബി.പി.യാണ് സ്‌ട്രോക്കിന് കാരണമായത്. പ്രമേഹം (27.3 ശതമാനം), പുകവലി (22.6 ശതമാനം), മദ്യപാനം (20.6 ശതമാനം) എന്നിവയും മറ്റ് പ്രധാന കാരണങ്ങളാണ്. സ്‌ട്രോക്ക് സംഭവിച്ചാല്‍ ആദ്യ രണ്ട് മുതല്‍ മൂന്ന് മണിക്കൂറുകള്‍ അത്യന്തം നിര്‍ണായകമാണ്. ഈ സമയത്തെയാണ് 'സുവര്‍ണ മണിക്കൂര്‍' എന്ന് വിളിക്കുന്നത്. അതിവേഗം കൃത്യമായ ചികിത്സ ലഭിച്ചാല്‍ മസ്തിഷ്‌കാഘാതത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയും. വൈകിയുള്ള ചികിത്സ കാരണം പലര്‍ക്കും ആജീവനാന്ത വൈകല്യങ്ങളോടെ ജീവിക്കേണ്ടിവരുന്നതായി പഠനം വ്യക്തമാക്കുന്നു.