വർക്കല: പുന്നമൂട് മാർക്കറ്റിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോഗ്രാം പഴകിയ മീൻ പിടികൂടി. അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ ദിവസങ്ങളോളം സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന.
പിടിച്ചെടുത്തവയിൽ വലിയ അളവിൽ കണവയും കൂടാതെ ഞണ്ട്, ചൂര, ആകോലി, ചെങ്കലവ തുടങ്ങിയ മീനുകളും ഉൾപ്പെടുന്നു. പിടിച്ചെടുത്ത മീനുകൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. മാർക്കറ്റിൽ നിന്ന് നിരോധിത വിഭാഗത്തിൽപ്പെട്ട 25 കിലോഗ്രാം പ്ലാസ്റ്റിക്കും ആരോഗ്യവിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.
മറ്റൊരു നടപടിയിൽ, വർക്കല ഗവൺമെന്റ് സ്‌കൂളിന് സമീപം പ്ലാസ്റ്റിക് വിൽപന നടത്തിയതിന് പിഴയൊടുക്കാത്ത സ്ഥാപനം ഉദ്യോഗസ്ഥർ ഇടപെട്ട് അടപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥരായ ഹസ്മി, പിങ്കി, മുബാറക്ക് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
