നിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം

അഹമ്മദാബാദ്: സ്പിന്‍ ഭയം ഇന്ത്യക്കുണ്ടെന്നത് സത്യം. ആ സത്യം അംഗീകരിക്കാതെ ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയയാത്ര തുടരുമെന്നാണ് നായകന്‍ സുര്യകുമാര്‍ യാദവ് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഐദന്‍ മാര്‍ക്‌റാം ഇന്ത്യന്‍ സ്പിന്നിനെ ബഹുമാനിച്ച് തന്നെ സംസാരിച്ചു. മികച്ച സ്പിന്നര്‍മാരുടെ സംഘമാണ് ഇന്ത്യ. അതിനാല്‍ തന്നെ സ്പിന്‍ തന്നെയാവും മല്‍സരത്തിന്റെ ഗതി നിയന്ത്രിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കുമ്പോള്‍ ഇന്നാണ് സൂപ്പര്‍ എട്ടിലെ വമ്പന്മാരുടെ മുഖാമുഖം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയാണ് നരേന്ദ്ര മോദി സ്റ്റേഡിയം. അവിടെ വലിയ സ്‌ക്കോര്‍ എളുപ്പമല്ല. ബൗണ്ടറികള്‍ വലുതാണ്. സിക്സര്‍ വേട്ട എളുപ്പമല്ല. ഇന്ത്യ അവസാന ഗ്രൂപ്പ് മല്‍സരം കളിച്ചത് ഇവിടെയാണ്.

നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌ക്കോര്‍ സ്വന്തമാക്കുമെന്നാണ് കരുതപ്പെട്ടത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ 300 പ്ലസ് റണ്‍സ് ഈ ലോകകപ്പില്‍ നേടുമെന്ന് ചിലരെല്ലാം പറഞ്ഞത് അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ്. പക്ഷേ നാല് മല്‍സരങ്ങളില്‍ കളിച്ചപ്പോഴും 200 റണ്‍സിന് അരികിലെത്താനാണ് ഇന്ത്യക്കായത്. അഭിഷേക് ഇത് വരെ ലോകകപ്പില്‍ ഒരു റണ്‍ പോലും നേടിയിട്ടില്ല. കളിച്ച മൂന്ന് മല്‍സരങ്ങളിലും പൂജ്യം. ലോകകപ്പിന് മുമ്പ് നടന്ന ന്യുസിലന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ മിന്നും പ്രകടനം നടത്തിയ അഭിഷേക് ഇടക്ക് അനാരോഗ്യവാനായിരുന്നു.
അതിനെ തുടര്‍ന്ന് ഓപ്പണര്‍ സ്ഥാനം കിട്ടിയ സഞ്ജു സാംസണ്‍ മൂന്ന് സിക്സറുകള്‍ ഉള്‍പ്പെടെ 22 റണ്‍സ് നേടിയിരുന്നു. പിന്നെ സഞ്ജുവിന് അവസരം കിട്ടിയില്ല. ഇന്നും സഞ്ജുവിന് സാധ്യതയില്ല. അഭിഷേകിന് ഓഫ് സ്പിന്നാണ് പ്രശ്നം. രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹം പുറത്തായത് ഓഫ് സ്പിന്നിലാണ്. അഭിഷേകിനെ വേഗത്തില്‍ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുമെന്നുറപ്പ്. ഇന്നലെ ആഫ്രിക്കന്‍ സംഘത്തിലെ പ്രധാന ഓഫ് സ്പിന്നറായ അവരുടെ കപ്പിത്താന്‍ മാര്‍ക്റാം ബൗളിംഗിലായിരുന്നു കൂടുതല്‍ സമയം പരിശീലനം നടത്തിയത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഇഷാന്‍ കിഷന്‍ ഗംഭീരമായി കളിക്കുന്ന ഓപ്പണറാണ്. അവസാന മല്‍സരത്തില്‍ മാത്രമാണ് അദ്ദേഹം നിരാശപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ സംഘത്തിലും അതിവേഗ ഓപ്പണര്‍മാരുണ്ട്. ഇന്ത്യന്‍ പിച്ചുകളെ നന്നായി അറിയുന്നവരാണ് ഇന്നിംഗ്സിന് തുടക്കമിടുന്ന നായകന്‍ മാര്‍ക്റാമും ക്വിന്റണ്‍ ഡികോക്കും. രണ്ട് പേരും പേസിനെയും സ്പിന്നിനെയും നന്നായി നേരിടുന്നവര്‍. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് ശക്തമാണ്. തിലക് വര്‍മ, സുര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, റിങ്കു സിംഗ് എന്നിവരെല്ലാം വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ കഴിവുളളവര്‍