20 രൂപ കൈക്കൂലി കേസിൽ 30 വർഷം ജയിൽവാസം, ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി അടുത്ത ദിവസം മരണം കവർന്നെടുത്ത ജീവിതം..

20 രൂപ കൈക്കൂലി കേസിൽ ഒരു മനുഷ്യൻ ജയിലിൽക്കിടന്നത് 30 വർഷം. ഒടുവിൽ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയ പിറ്റേ ദിവസം അയാൾ മരണത്തിന് കീഴടങ്ങി. ഇതൊരു സിനിമാക്കഥയല്ല, മറിച്ച് ഗുജറാത്തിൽ നീതിന്യായ സംവിധാനങ്ങളുടെ അനാസ്ഥ മൂലം ജീവിതം നഷ്ടപ്പെട്ട ഒരു ഗുജറാത്തുകാരനെക്കുറിച്ചാണ്.

1996ൽ പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന സമയത്താണ് ബാബുഭായ് പ്രജാപതിക്കെതിരെ 20 രൂപ കൈക്കൂലി കേസ് ചാർജ് ചെയ്യുന്നത്. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു 1997ൽ കേസ് ഫയൽ ചെയ്ത്. 2002ൽ കുറ്റ പത്രം സമർപ്പിച്ചു. 2003, 2004 കാലയളവിൽ സാക്ഷി വിസ്താരത്തിനു ശേഷം സെക്ഷൻ കോടതി പ്രജാപതിക്ക് നാലു വർഷം ജയിൽ ശിക്ഷയും 3,000 രൂപ പിഴയും വിധിച്ചു.

പ്രജാപതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അദ്ദേഹം സമർപ്പിച്ച അപ്പീൽ 22 വർഷം വിധി കൽപ്പിക്കാതെ കോടതിയിൽ കെട്ടിക്കിടന്നു. ഒടുവിൽ ഫെബ്രുവരി 4ന് സാക്ഷികളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.

വിധി പുറത്ത് വന്നതിനു പിന്നാലെ വീട്ടിലേക്ക് പോയ പ്രജാപതി അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. വിധി വന്ന ശേഷം തങ്ങളെ കാണാനെത്തുമ്പോൾ അദ്ദേഹം നിരപരാധിത്വം തെളിയിക്കതാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. തൻ്റെ നഷ്ടത്തിന് സർക്കാരിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങിയെടുക്കണമെന്ന് താൻ പറഞ്ഞതായും എന്നാൽ അടുത്ത ദിവസം ഹൃദയാഘാതം മൂലം മരിച്ചെന്ന വാർത്തയാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.