ലുലുവിന് 1856 കോടിയുടെ റെക്കോർഡ് ലാഭം; 50 പുത്തൻ സ്റ്റോറുകൾ തുറക്കും, നിക്ഷേപകർക്ക് ‘ബംപർ’ ലാഭവിഹിതം,

ലുലുവിന് 1856 കോടിയുടെ റെക്കോർഡ് ലാഭം; 50 പുത്തൻ സ്റ്റോറുകൾ തുറക്കും, നിക്ഷേപകർക്ക് ‘ബംപർ’ ലാഭവിഹിതം,

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു റീട്ടെയ്ൽ 2025 സാമ്പത്തിക വർഷത്തിൽ നേടിയത് 1,856 കോടി രൂപയുടെ ലാഭമെന്ന് റിപോർട്ടുകൾ. തുടർന്ന് നിക്ഷേപകർക്ക് 1,785 കോടി രൂപ ലാഭവിഹിതം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ വരുമാനം 4.1% ഉയർന്ന് 7.9 ബില്യൻ ഡോളറിലാണ് എത്തിയത്. അതായത് ഏകദേശം 71,540 കോടി രൂപ.ലുലു റീട്ടെയ്ൽ സ്റ്റോറുകളിലെത്തുന്ന ഓരോ ഉപഭോക്താവും ശരാശരി 30.6 ഡോളറാണ് ചെലവിടുന്നത് (ഏകദേശം 2,800 രൂപ). ഭക്ഷ്യോൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയുടെ മികച്ച വിൽപനയാണ് വരുമാനവളർച്ചയ്ക്ക് വളരെ സഹായകമായത്.

ഇ-കൊമേഴ്സിലും മികച്ച വളർച്ചയാണ് ലുലു സ്വന്തമാക്കുന്നത്. കഴിഞ്ഞവർഷം ഓൺലൈൻ വിൽപന വളർച്ച 38.6 ശതമാനം. നാലാംപാദത്തിൽ മാത്രം 51.8% വളർന്നു. ലുലുവിന്റെ കഴിഞ്ഞവർഷത്തെ മൊത്ത ലാഭം 3.3% ഉയർന്ന് 1,823 മില്യൻ ഡോളറിൽ എത്തിയിരുന്നു. ലുലു റീട്ടെയ്‍ലിന്റെ മൊത്തം സ്റ്റോറുകളിൽ 116 എണ്ണവും യുഎഇയിലാണ്. കഴിഞ്ഞപാദത്തിൽ യുഎഇയിൽ 4 സ്റ്റോറുകൾ പുതുതായി തുറന്നു. സൗദിയിലെ സ്റ്റോറുകൾ 3 എണ്ണം വർധിച്ച് 65 ആയി. ഒമാനിൽ 32, ഖത്തറിൽ 24, കുവൈത്തിൽ 17, ബഹ്റൈനിൽ 13 എന്നിങ്ങനെയുമാണ് സ്റ്റോറുകൾ.

"കഴിഞ്ഞവർഷം ലുലു 20 പുതിയ സ്റ്റോറുകൾ തുറന്നു. ഇപ്പോൾ ആകെ 267 സ്റ്റോറുകളുണ്ട്. 2026-28 കാലയളവിൽ പുതിയ 50 എണ്ണം കൂടി തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലുവിനുള്ളത്, നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിക്കും " - ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.