ഭക്തിയുടെ പുണ്യവുമായി ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടോളം അമ്മമാർക്കും ഒരു കുഞ്ഞിനും നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനുഭവമാണ്. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് കെഎസ്ആർടിസി ബസ്സിൽ കയറിയതായിരുന്നു കൊല്ലം സ്വദേശികളായ ഈ സംഘം. എന്നാൽ നിലയ്ക്കൽ സ്റ്റാൻഡിൽ ബസ്സ് നിർത്താൻ ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ല. രാത്രി പത്ത് മണി കഴിഞ്ഞാൽ സ്റ്റാൻഡിലേക്ക് പോകില്ലെന്ന വിചിത്രമായ വാദമാണ് ഇവർ ഉയർത്തിയത്.
അപേക്ഷിച്ചിട്ടും വഴങ്ങാതെ, നിലയ്ക്കലിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ കൂരിരുട്ടുള്ള വനപാതയിൽ ആ അമ്മമാരെയും കുഞ്ഞിനെയും ബസ്സിൽ നിന്നും ഇറക്കിവിട്ടു. വെളിച്ചമോ സുരക്ഷിതത്വമോ ഇല്ലാത്ത ആ വിജനമായ സ്ഥലത്ത് അവർ നിസ്സഹായരായി നിന്നു. "നിങ്ങളൊക്കെ മനുഷ്യരല്ലേ..." എന്ന പ്രായമായ ഒരു അമ്മയുടെ ചോദ്യത്തിന് മുന്നിലും ആ ജീവനക്കാരുടെ മനസ്സ് അലിഞ്ഞില്ല.
സംഭവം വിവാദമായതോടെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടപെട്ടു. കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ കണ്ടക്ടർ കെ.എൻ. പ്രേമസൂദനനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. എമ്പാനൽ ഡ്രൈവറെ ജോലിയിൽ നിന്നും ഉടനടി പിരിച്ചുവിടുകയും ചെയ്തു. തീർത്ഥാടകർക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
