വർക്കല: കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപ്പെടുത്തി. തൃശൂർ സ്വദേശി നിർമൽ ജോസഫ് (27), എറണാകുളം സ്വദേശി ഡെറിക്ക് (25) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8:40-ഓടെ പാപനാശം മെയിൻ ബീച്ചിലായിരുന്നു സംഭവം.
ലൈഫ് ഗാർഡുമാരുടെ കർശന നിർദേശം അവഗണിച്ചാണ് ഇവർ കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഇവർ പെട്ടെന്ന് അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡ് സൂപ്പർവൈസർ ശങ്കറിന്റെ നേതൃത്വത്തിൽ സന്തോഷ്, രാഹുൽ, വിഷ്ണു എന്നിവർ ചേർന്ന് 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാക്കളെ കരയിലെത്തിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു. കടലിലെ അടിയൊഴുക്ക് കണക്കിലെടുത്ത് വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
