പുരസ്കാരങ്ങളേക്കാൾ വലിയ തിളക്കം ആ കുഞ്ഞുചിരിക്ക്; മമ്മൂക്കയെന്ന നായകന്റെ 'വാത്സല്യം' റാഹേലിന് പുതുജീവൻ നൽകിയപ്പോൾ!

സിനിമയിലെ വെള്ളിത്തിരയിലെ നായകനേക്കാൾ വലിയൊരു ഹൃദയമുള്ള മനുഷ്യനെയാണ് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നത് എന്ന് തെളിയിക്കുകയാണ് ഈ വാർത്ത. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവർ റിയോയുടെ ഒരു വയസ്സുകാരി മകൾ റാഹേലിന്റെ കണ്ണുകളിലെ തിളക്കം ഏതൊരു അവാർഡിനേക്കാളും വലുതാണ്.

തന്റെ മകളുടെ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച റിയോയുടെ മുന്നിൽ ദൈവദൂതനെപ്പോലെയാണ് മമ്മൂട്ടിയുടെ 'വാത്സല്യം' പദ്ധതി എത്തിയത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി വിവരം അറിഞ്ഞ മമ്മൂക്ക, ഒട്ടും വൈകാതെ തന്നെ കുഞ്ഞിന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ നടന്ന സങ്കീർണ്ണമായ റോബോട്ടിക് പൈലോപ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ റാഹേൽ ഇന്ന് സുഖം പ്രാപിക്കുന്നു.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ആവിഷ്കരിച്ച 'വാത്സല്യം' പദ്ധതിയിലൂടെ ലക്ഷങ്ങൾ ചെലവ് വരുന്ന ഇത്തരം ശസ്ത്രക്രിയകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് തികച്ചും സൗജന്യമായാണ് നൽകുന്നത്.

"മോളേ.. ദേ നമ്മുടെ മമ്മൂക്ക", എന്ന് ടിവി സ്ക്രീനിലെ പത്മഭൂഷൺ വാർത്ത കാണിച്ച് റിയോ മകളോട് പറയുമ്പോൾ അത് വെറുമൊരു വാക്കല്ല, ആ കുടുംബത്തിന്റെ പ്രാർത്ഥനയും നന്ദിയുമാണ്. വെള്ളിത്തിരയിലെ താരം മാത്രമല്ല, ജീവിതത്തിലും അദ്ദേഹം ഒരു കരുണയുടെ മരമാണ്.
നന്മയുടെ ഈ വലിയ മാതൃകയ്ക്ക്, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും! ❤️