ഡല്‍ഹി സ്‌ഫോടനത്തിലെ i20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്ന് സൂചന

രാജ്യതലസ്ഥാനത്തുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള i20 കാറാണ് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.55-നായിരുന്നു സംഭവം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1-ന് സമീപമാണ് ഹ്യൂണ്ടായ് i20 കാര്‍ പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കശ്മീരില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്‌ഫോടനത്തിനായി ഉപയോഗിച്ച i20 കാര്‍ പല ഉടമകളിലായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വാഹനം ഔദ്യോഗിക ട്രാന്‍സ്ഫര്‍ രേഖകളില്ലാതെ നാല് തവണ കൈമാറ്റം ചെയ്യപ്പെട്ടതായും പോലീസ് കണ്ടെത്തി.
സ്ഫോടന ദിവസം ഉച്ചയോടെ, വടക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ നിരവധി പ്രദേശങ്ങളിലൂടെ കാര്‍ സംശയാസ്പദമായി സഞ്ചരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കാറിനായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
2014 മാര്‍ച്ച് 18-ന് സല്‍മാന്‍ എന്നയാളാണ് ഐ20 കാര്‍ ആദ്യം വാങ്ങിയതെന്ന് പോലീസ് പറയുന്നു. പിന്നീട് തുടര്‍ച്ചയായി യഥാക്രമം ദേവേന്ദ്ര, സോനു, താരിഖ് എന്നിവര്‍ക്ക് വാഹനം കൈമാറി. പലതവണ കൈമറിഞ്ഞ് ഏറ്റവും ഒടുവില്‍ വാഹനം താരിഖിന്റെ കൈവശമെത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റങ്ങളൊന്നും സര്‍ക്കാര്‍ രേഖകളില്‍ ഔദ്യോഗികമായി അപ്‌ഡേറ്റ് ചെയതിട്ടില്ല.
ഹരിയാനയിലെ ഫരീദബാദ് ആസ്ഥാനമായുള്ള ഒരു കാര്‍ ഡീലര്‍ ഒരു വില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഇത് ഇടപാടുകളുടെ നിയമസാധുതയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
സെപ്റ്റംബര്‍ 20-ന് ഹരിയാനയിലെ ഫരീദാബാദിലും HR26CE7674 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാര്‍ കണ്ടെത്തിയിരുന്നു. തെറ്റായി വാഹനം പാര്‍ക്ക് ചെയ്തതിന് ഈ വാഹനത്തിന് പിഴ ചുമത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.
സ്‌ഫോടനം നടന്ന ദിവസം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാഹനം ഡല്‍ഹിയില്‍ ആദ്യം കണ്ടത്. പിന്നീട് വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗേറ്റ്, ദര്യഗേഞ്ച്, സുനേരി മസ്ജിദ്, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും കാര്‍ സഞ്ചരിക്കുന്നത് പതിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും കാര്‍ സംശാസ്പദമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് യൂണിറ്റുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ലഭിച്ചിരുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് ആയിട്ടുള്ള പ്രദേശങ്ങളിലും പരിസരത്തും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളും അനുസരിച്ച് കോട് വാലി പോലീസ് സ്‌ഫോടനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഎപിഎ സെക്ഷന്‍ 16,18, സ്‌ഫോടകവസ്തു നിയമത്തിലെ 3,4 വകുപ്പ്, ബിഎന്‍എസ് സെക്ഷന്‍ 103 (1), 109(1), 61 (2) വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ഗൂഢാലോചന, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, പൊതുസുരക്ഷയെ അപകടപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്‍