ഫരീദാബാദില്‍ ഭീകര സംഘത്തെ പിടികൂടിയതോടെ പരിഭ്രാന്തിയില്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് നിഗമനം. അതേസമയം ഇത് പ്രാഥമിക വിലയിരുത്തലുകള്‍ ആണെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
ഫരീദാബാദിലെ സംഘവുമായി ഡല്‍ഹി സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോറന്‍സിക് ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ സംഭവത്തിന്റെ ചുരുളഴിക്കാം എന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനമുണ്ടായത്. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 25 പേര്‍ക്കാണ് പരിക്കേറ്റത്.